
ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് മാറിയ ഒരാൾക്ക് പുതിയ മതത്തിൽ സംവരണം അവകാശപ്പെടാനാകില്ലെന്ന് സുപ്രിംകോടതി
- മദ്രാസ് ഹൈക്കോടതിയുടെ ജൂൺ 25-ലെ വിധി സുപ്രിംകോടതി ശരിവെച്ചു.
ന്യൂഡൽഹി: ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് മാറിയ ഒരാൾക്ക് മതപരിവർത്തനത്തിന് മുമ്പുള്ള സാമൂഹിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ പുതിയ മതത്തിൽ സംവരണം അവകാശപ്പെടാനാകില്ലെന്ന് സുപ്രിംകോടതി. മതം മാറിയ വ്യക്തിക്ക് പിന്നാക്ക വിഭാഗ മുസ്ലിം പദവി ലഭിക്കില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ ജൂൺ 25-ലെ വിധി സുപ്രിംകോടതി ശരിവെച്ചു. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ ജസ്റ്റിസുമാരായ പി.കെ മിശ്ര, ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു.മതപരിവർത്തനത്തിന് മുമ്പുള്ള സാമൂഹിക ക്രമത്തിൽ അനുഭവിച്ച പിന്നാക്കാവസ്ഥ, പുതുതായി സ്വീകരിച്ച മതത്തിലെ പിന്നാക്ക വിഭാഗ പദവി ലഭ്യമാക്കാൻ മാത്രമായി ‘മുന്നോട്ട് കൊണ്ടുപോകാൻ’ കഴിയില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ഭരണഘടനയുടെ ഉത്തരവിലെ മൂന്നാം ഖണ്ഡിക പ്രകാരം ഹിന്ദുമതം, ബുദ്ധമതം, സിഖ് മതം എന്നിവയൊഴികെയുള്ള ഇതര മതങ്ങൾ പിന്തുടരുന്ന ഒരാളെ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളായി കണക്കാക്കാനാകില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. മതം മാറുന്ന ഒരാളുടെ മുമ്പത്തെ ജാതിയോ സമുദായ പദവിയോ, പുതിയ മതത്തിലെ വിജ്ഞാപനം ചെയ്യപ്പെട്ട പിന്നാക്ക വിഭാഗത്തിലേക്ക് മാറ്റാൻ മതപരിവർത്തനം കൊണ്ട് മാത്രം സാധിക്കില്ല. മുമ്പത്തെ സാമൂഹിക പിന്നാക്കാവസ്ഥ പുതിയ മതത്തിലെ മറ്റൊരു പിന്നാക്ക വിഭാഗ പദവിക്കുള്ള നിയമപരമായ അടിത്തറയാകില്ലെന്നും ബെഞ്ച് വിശദീകരിച്ചു.
