
അഴിയാ ഗതാഗത കുരുക്കുമായി കൊയിലാണ്ടി
- ശ്രീലാൽ പെരുവട്ടൂർ
കൊയിലാണ്ടി: നഗരത്തിൽ മണിക്കൂറുകളായി രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു. ചെങ്ങോട്ടുകാവ് മുതൽ കൊയിലാണ്ടി വരെയും മുത്താമ്പി റോഡിലുമെല്ലാം വാഹനങ്ങൾ നീങ്ങാൻ കഴിയാത്ത വിധം നിരന്നുകിടക്കുകയാണ്. പ്രധാന ജംഗ്ഷനുകളിലെല്ലാം കനത്ത വാഹനത്തിരക്കായതിനാൽ യാത്രക്കാർ ഏറെ ദുരിതമനുഭവിച്ചു.നിരവധി വാഹനങ്ങൾ മണിക്കൂറുകളോളം റോഡിൽ കുടുങ്ങിക്കിടന്നതോടെ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി യാത്ര ചെയ്തവരും വിദ്യാർത്ഥികളും ഉൾപ്പെടെ വലിയ ബുദ്ധിമുട്ടിലായി. ആംബുലൻസുകൾ ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾക്കും ഗതാഗതക്കുരുക്ക് തിരിച്ചടിയായി.
ഗതാഗതം നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമം നടത്തിയെങ്കിലും വാഹനങ്ങളുടെ അമിതത്തിരക്കും ഇടുങ്ങിയ റോഡുകളും കാരണം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല. നഗരത്തിലെ പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും ഗതാഗതം ഏറെ നേരം സ്തംഭിച്ച നിലയിലായിരുന്നു.
കൊയിലാണ്ടിയിൽ ദിനംപ്രതി രൂക്ഷമാകുന്ന വാഹനത്തിരക്കിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്. നഗരത്തിലെ ഗതാഗത സംവിധാനം ശാസ്ത്രീയമായി പുനഃക്രമീകരിക്കുക, ആവശ്യമായിടങ്ങളിൽ ട്രാഫിക് നിയന്ത്രണ സംവിധാനം ശക്തിപ്പെടുത്തുക, ബദൽ റോഡുകൾ വികസിപ്പിക്കുക തുടങ്ങിയ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
