
ആന്റോ അഗസ്റ്റിൻ നടത്തിയ ജിഎസ്ടി വെട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് സർക്കാർ വിലയിരുത്തൽ: ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടികൾ ഒഴിവാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി
- കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസർ കെ.കെ. സജിനി, വടക്കൻ മേഖല ജോയിന്റ് കമ്മീഷണർ ശ്രീവത്സ, ഡെപ്യൂട്ടി കമ്മീഷണർ സജിത്ത് എന്നിവർക്കെതിരെ നടപടികൾ തുടങ്ങിയിരുന്നു
തിരുവനന്തപുരം: അർജൻ്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ നടത്തിയ ജിഎസ്ടി വെട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് സർക്കാർ വിലയിരുത്തൽ. ഇതിനെത്തുടർന്ന്, ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടികൾ ഒഴിവാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി.126 കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ട് അടയ്ക്കേണ്ട 22.68 കോടി രൂപയുടെ ജിഎസ്ടി പിരിച്ചെടുത്തില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്ക് ചാർജ് മെമോ നൽകാൻ നികുതി വകുപ്പ് തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസർ കെ.കെ. സജിനി, വടക്കൻ മേഖല ജോയിന്റ് കമ്മീഷണർ ശ്രീവത്സ, ഡെപ്യൂട്ടി കമ്മീഷണർ സജിത്ത് എന്നിവർക്കെതിരെ നടപടികൾ തുടങ്ങിയിരുന്നു.

ജിഎസ്ടി ജോയിന്റ് കമ്മീഷണർ ശ്രീവത്സ, പയ്യന്നൂർ മുൻ എംഎൽഎ ടി.ഐ. മധുസൂദനന്റെ ഭാര്യ കൂടിയായതിനാൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് എസ്ഐടി രൂപീകരണ ഘട്ടത്തിൽ സംശയങ്ങൾ ഉയർന്നിരുന്നു.എന്നാൽ 2025 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ കാഞ്ഞങ്ങാട് മുൻ ഇന്റലിജൻസ് ഓഫീസർ രത്നാകരൻ, പിന്നീട് ചുമതലയേറ്റ കെ.കെ. സജിനി, ജോയിന്റ് കമ്മീഷണർ ശ്രീവത്സ, ഡെപ്യൂട്ടി കമ്മീഷണർ സജിത്ത് എന്നിവർ നികുതി പിരിച്ചെടുക്കാൻ ആവശ്യമായ നടപടികളും നിർദേശങ്ങളും സ്വീകരിച്ചിരുന്നുവെന്ന് സർക്കാർ വിലയിരുത്തി. ആന്റോ അഗസ്റ്റിനിൽനിന്ന് നികുതി ഈടാക്കുന്നതിന് തടസ്സമായത് മുൻ സർക്കാരിന്റെ രാഷ്ട്രീയ തീരുമാനങ്ങളാണെന്ന് വ്യക്തമായതോടെയാണ്, ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനും അവർക്കെതിരെയുള്ള അച്ചടക്ക നടപടികൾ ഒഴിവാക്കാനും മുഖ്യമന്ത്രി നിർദേശിച്ചത്
