
ആസിഫ് കലാം എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്
- കൊയിലാണ്ടി മേഖലയിൽ യൂണിറ്റ് തലത്തിൽ പ്രവർത്തനം ആരംഭിച്ച് മുനിസിപ്പൽ, മണ്ഡലം, ജില്ലാ തലങ്ങളിലെ വിവിധ ചുമതലകൾ വഹിച്ച ശേഷമാണ് അദ്ദേഹം സംസ്ഥാന നേതൃത്വത്തിലേക്ക് എത്തുന്നത്.
കൊയിലാണ്ടി: കൊയിലാണ്ടിയുടെ വിദ്യാർത്ഥി-യുവജന രാഷ്ട്രീയരംഗത്ത് വർഷങ്ങളായി സജീവ സാന്നിധ്യമായ ആസിഫ് കലാമിനെ എംഎസ്എഫ് കേരള സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. കൊയിലാണ്ടി മേഖലയിൽ യൂണിറ്റ് തലത്തിൽ പ്രവർത്തനം ആരംഭിച്ച് മുനിസിപ്പൽ, മണ്ഡലം, ജില്ലാ തലങ്ങളിലെ വിവിധ ചുമതലകൾ വഹിച്ച ശേഷമാണ് അദ്ദേഹം സംസ്ഥാന നേതൃത്വത്തിലേക്ക് എത്തുന്നത്.കൊയിലാണ്ടിയിൽ ശാഖാ ട്രഷററായാണ് എംഎസ്എഫ് പ്രവർത്തനം ആരംഭിച്ചത്. ശേഷം ശാഖാ പ്രസിഡന്റായി. തുടർന്ന് കൊയിലാണ്ടി മുനിസിപ്പാലിറ്റി കമ്മിറ്റി സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു.കൊയിലാണ്ടി നിയോജക മണ്ഡലം സെക്രട്ടറിയായും വൈസ് പ്രസിഡന്റായും, ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു. എംഎസ്എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറിയായും സംസ്ഥാന ബാലകേരളം വിംഗിന്റെ ചുമതലയിലും പ്രവർത്തിച്ച ആസിഫ് കലാം നിലവിൽ കോഴിക്കോട് ജില്ലാ ട്രഷററായി പ്രവർത്തിച്ചു വരികയാണ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന പുതിയ ഉത്തരവാദിത്തത്തിലേക്ക് എത്തുന്നത്.

ആസിഫ് കലാമിന്റെ സംഘടനാ വളർച്ചയ്ക്ക് കൊയിലാണ്ടിയിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിർണായകമായ അധ്യായങ്ങളുമുണ്ട്. 2013ൽ എസ്എഫ്ഐയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന എസ്എൻഡിപി കോളേജിൽ എംഎസ്എഫിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച് സംഘടനയ്ക്ക് മുന്നേറ്റം നേടിക്കൊടുത്തത് അദ്ദേഹത്തിന്റെ ക്യാമ്പസ് രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ ഇടപെടലുകളിലൊന്നാണ്. 2016ൽ വയനാട് മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2017ൽ വയനാട് ജില്ലാ യൂണിയൻ പ്രതിനിധി സ്ഥാനത്തേക്കും മത്സരിച്ചു.കോവിഡ് കാലത്തും കൊയിലാണ്ടിയിലെ സാമൂഹിക ഇടപെടലുകളിൽ സജീവമായിരുന്നു. പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ എത്തിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയായതിനിടെ 2020ൽ കേസിൽപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. രാഷ്ട്രീയപ്രേരിതമായി ചുമത്തപ്പെട്ട കേസിൽ അടുത്തിടെയാണ് ആസിഫിനെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധിയുണ്ടായത്.ഒരു ശാഖാ ട്രഷററിൽ നിന്ന് ആരംഭിച്ച യാത്ര മുനിസിപ്പൽ, മണ്ഡലം നേതൃത്വങ്ങളിലൂടെ കോഴിക്കോട് ജില്ലാ നേതൃത്വത്തിലേക്കും തുടർന്ന് സംസ്ഥാന നേതൃത്വത്തിലേക്കും എത്തിയത് സംഘടനാ പ്രവർത്തനത്തിന്റെ തുടർച്ചയായ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്
