
ഇടപാടുകൾക്ക് യുപിഐ ചാർജ് ഒഴിവാക്കാനൊരുങ്ങി ഇന്ത്യൻ ബാങ്ക്
- ബാങ്കിൻ്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ബിനോദ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂഡൽഹി : യുപിഐ ചാർജിന്റെ 0.28 ശതമാനം ഒഴിവാക്കാനൊരുങ്ങി ഇന്ത്യൻ ബാങ്ക്. യുപിഐ ഇടപാടുകൾക്ക് ഏർപ്പെടുത്ത 0.4 ശതമാനം എംഡിആർ ചാർജിൽ 0.28 ശതമാനം ഒഴിവാക്കുന്നത് പരിഗണിക്കുമെന്നാണ് ഇന്ത്യൻ ബാങ്ക് അറിയിച്ചിരിക്കുന്നത്. ഒക്ടോബറിൽ യുപിഐയിൽ എംഡിആർ ചാർജ് നിലവിൽ വരാനിരിക്കുകയാണ്. ഇതിനിടെയാണ് ബാങ്കിന്റെ പ്രഖ്യാപനം. ബാങ്കിൻ്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ബിനോദ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.യുപിഐ ഇടപാടുകളിൽ നിലവിൽ ബാങ്കിന് നേരിട്ട് വരുമാനം ലഭിക്കുന്നില്ലെങ്കിലും, ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചതോടെ ജീവനക്കാരുടെ ആവശ്യകത കുറയ്ക്കാനും പണം കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് കുറയ്ക്കാനും സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബർ 15 മുതൽ നിശ്ചിത 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ വ്യാപാരി ഇടപാടുകൾക്ക് 0.4 ശതമാനം എം.ഡി.ആർ ചാർജ് നിലവിൽ വരാനിരിക്കുകയാണ്.

ഇതിൽ 0.28 ശതമാനം ഉപഭോക്താവിന്റെ ബാങ്കിന് ലഭിക്കുന്ന വിഹിതമാണ്.ഈ 0.28 ശതമാനം ചാർജ് വ്യാപാരികളിൽ നിന്ന് ഈടാക്കാതെ ബാങ്ക് തന്നെ വഹിക്കുന്ന കാര്യം പരിഗണിക്കുകയാണെന്നാണ് ഇന്ത്യൻ ബാങ്ക് വ്യക്തമാക്കുന്നത്. അന്തിമ തീരുമാനം ബാങ്കിന്റെ ഡയറക്ടർ ബോർഡായിരിക്കും എടുക്കുക.ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകളിൽ ഉയർന്ന ഇടപാട് മൂല്യമുള്ള വ്യാപാരികൾക്ക് എം.ഡി.ആർ ചാർജ് പൂർണമായോ ഭാഗികമായോ ഒഴിവാക്കുന്ന രീതിയുണ്ട്. സമാനമായ രീതിയിൽ യുപിഐ ഇടപാടുകളിലും ചാർജ് ഒഴിവാക്കുന്നതാണ്പരിഗണിക്കുന്നതെന്ന് ബാങ്ക് വ്യക്തമാക്കി.
