
കഴിഞ്ഞ 10വർഷത്തെ മെഡിക്കൽ പർച്ചേസ് ആഭ്യന്തര ഓഡിറ്റ് നടത്താൻ ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദേശം നൽകി
- കെഎംഎസ്സിഎൽ വഴി വാങ്ങിയ ഉപകരണങ്ങളിലും പരിശോധന നടത്തും.
തിരുവനന്തപുരം: കഴിഞ്ഞ 10 വർഷത്തെ മെഡിക്കൽ പർച്ചേസ് അന്വേഷിക്കാൻ സർക്കാർ തീരുമാനം. ആഭ്യന്തര ഓഡിറ്റ് നടത്താൻ ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദേശം നൽകിയതിന് പിന്നാലെയാണ് നിർണായക തീരുമാനം. കെഎംഎസ്സിഎൽ വഴി വാങ്ങിയ ഉപകരണങ്ങളിലും പരിശോധന നടത്തും. വയനാട് മെഡിക്കൽ കോളജ് ഗോഡൗണിൽ പെട്ടി പൊട്ടിക്കാതെ മെഡിക്കൽ ഉപകരണങ്ങൾ കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് നിർദേശം. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി കോഴിക്കോട്, വയനാട് ജനിലകളിൽ സന്ദർശനം നടത്തിയത്. ആശുപത്രികളിലും അദ്ദേഹത്തിന്റെ മിന്നൽ സന്ദർശനമുണ്ടായിരുന്നു. അതിൽ വയനാട് മെഡിക്കൽ കോളജിൽ കണ്ട കാഴ്ചകളാണ് അദ്ദേഹത്തെ ഇത്തരമൊരു അന്വേഷണത്തിന് പ്രേരിപ്പിച്ചത് വയനാട് മെഡിക്കൽ കോളജ് ഗോഡൗണിൽ പെട്ടിപൊട്ടിക്കാതെയാണ് മെഡിക്കൽ ഉപകരണങ്ങൾ കണ്ടെത്തിയത്.

കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിച്ചെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ആറ് മൊബൈൽ മോർച്ചറി യൂണിറ്റടക്കം ഉപയോഗിക്കാത്ത വിധത്തിൽ കണ്ടെത്തിയിരുന്നു.കഴിഞ്ഞ 10 വർഷത്തെ മെഡിക്കൽ പർചേസ് അന്വേഷിക്കാനാണ് നിലവിൽ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര ഓഡിറ്റ് നടത്താൻ ആരോഗ്യവകുപ്പിന് ആരോഗ്യമന്ത്രി നിർദേശം നൽകി. ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങളുടെ കണക്ക് പരിശോധിക്കും.
