പോലീസ് ഡ്രൈവറുടെ കൃഷിയിടത്തിൽ വിരിഞ്ഞ സൂര്യകാന്തിപ്പൂക്കൾ; വ്യത്യസ്ത കൃഷിരീതിയിലൂടെ ശ്രദ്ധേയനായി ഒ.കെ. സുരേഷ് കുമാർ

പോലീസ് ഡ്രൈവറുടെ കൃഷിയിടത്തിൽ വിരിഞ്ഞ സൂര്യകാന്തിപ്പൂക്കൾ; വ്യത്യസ്ത കൃഷിരീതിയിലൂടെ ശ്രദ്ധേയനായി ഒ.കെ. സുരേഷ് കുമാർ

  • ശ്രീലാൽ പെരുവട്ടൂർ

കൊയിലാണ്ടി: കൃഷിയെ ഹൃദയത്തോട് ചേർത്തുപിടിച്ച്, ജോലി തിരക്കുകൾക്കിടയിലും വ്യത്യസ്തമായ കൃഷിരീതികളിലൂടെ ശ്രദ്ധേയനാവുകയാണ് കേരള പോലീസ് ഡ്രൈവറായ ഒ.കെ. സുരേഷ് കുമാർ. പോലീസ് ജോലി ചെയ്യുന്നുണ്ടെങ്കിലും ഒഴിവുസമയങ്ങൾ കൃഷിക്കായി മാറ്റിവെച്ചാണ് സുരേഷ് കുമാർ പുതിയ പരീക്ഷണങ്ങൾ നടത്തുന്നത്.

2021-ൽ കേരള സർക്കാരിന്റെ മികച്ച കർഷകനുള്ള പുരസ്കാരവും, 2023–24 കാലയളവിൽ അക്ഷയശ്രീ പുരസ്കാരവും നേടിയ സുരേഷ് കുമാർ ഇത്തവണ പരീക്ഷിച്ചത് കേരളത്തിൽ അധികം കണ്ടിട്ടില്ലാത്ത സൂര്യകാന്തി കൃഷിയാണ്. ചെണ്ടുമല്ലി കൃഷിയോടൊപ്പം സൂര്യകാന്തിയും കൃഷി ചെയ്ത് മികച്ച വിളവാണ് അദ്ദേഹം നേടിയത്.

കാലാവസ്ഥാ വ്യതിയാനം ചെണ്ടുമല്ലി കൃഷിയെ ബാധിക്കുകയും പ്രതീക്ഷിച്ച വിളവ് ലഭിക്കാതിരിക്കുകയും ചെയ്തെങ്കിലും, അതിനൊപ്പം വളർത്തിയ സൂര്യകാന്തി മികച്ച രീതിയിൽ വളർന്ന് പൂത്തുലഞ്ഞത് സുരേഷ് കുമാറിന് പുതിയ പ്രതീക്ഷയായി. കൃഷിയിലെ വൈവിധ്യവും പരീക്ഷണ മനോഭാവവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം പറയുന്നു. ഓരോ വർഷവും പുതിയ കൃഷി രീതി പരീക്ഷിച്ചു വിജയം നേടി

പോലീസ് ജോലിക്കിടയിലെ ഇടവേളകൾ പോലും കൃഷിക്കായി മാറ്റിവെക്കുന്ന സുരേഷ് കുമാറിന് സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും പൂർണ പിന്തുണയുണ്ട്. ഭാര്യ ശോഭ, മക്കളായ സൂര്യപ്രഭ, സൂര്യനന്ദ എന്നിവരും കൃഷിയിടത്തിലെ സഹായികളാണ്.

ജോലിക്കിടയിലെ ഒഴിവുസമയത്തെ വെറുതെ കളയാതെ മണ്ണിനോടും കൃഷിയോടും ചേർത്തുവെച്ച സുരേഷ് കുമാറിന്റെ കൃഷിയിടത്തിൽ ഇപ്പോൾ മഞ്ഞനിറത്തിൽ വിരിഞ്ഞുനിൽക്കുന്ന സൂര്യകാന്തിപ്പൂക്കളും ഒരു കൗതുകക്കാഴ്ചയാണ്. പോലീസ് യൂണിഫോമിനൊപ്പം കർഷകന്റെ വേഷവും അഭിമാനത്തോടെ അണിയുന്ന ഈ ഉദ്യോഗസ്ഥന്റെ കൃഷിയോടുള്ള സ്നേഹം മറ്റുള്ളവർക്കും പ്രചോദനമാവുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )