
കുവൈത്തിനും ബഹ്റൈനും നേർക്കുള്ള ഇറാന്റെ ആക്രമണങ്ങൾ കടുക്കുന്നു
- ബഹ്റൈനിൽ ഇന്ന് ആറാം തവണയും അപകടസൂചനാ സൈറണുകൾ മുഴങ്ങി.
മനാമ/കുവൈത്ത് സിറ്റി :കുവൈത്തിനും ബഹ്റൈനും നേർക്കുള്ള ഇറാന്റെ ആക്രമണങ്ങൾ കടുക്കുന്നു. ബഹ്റൈനിൽ ഇന്ന് ആറാം തവണയും അപകടസൂചനാ സൈറണുകൾ മുഴങ്ങി. ജനങ്ങൾ പൂർണമായും ശാന്തരായിരിക്കണമെന്നും ഉടൻ തന്നെ തൊട്ടടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ വീണ്ടും നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ യുഎഇയും ഖത്തറും ശക്തമായ ഭാഷയിൽ അപലപിച്ചു.ഇത്തരം ആക്രമണങ്ങൾ സഹോദര രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും, മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് യുഎഇ പൂർണ പിന്തുണ പ്രഖ്യാപിച്ചു. സ്വന്തം രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ഈ രാജ്യങ്ങൾ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇയുടെ പൂർണ ഐക്യദാർഢ്യം ഉണ്ടാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇറാന്റെ നടപടി അയൽരാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അതിർത്തികളുടെ സുരക്ഷയ്ക്കുള്ള ഭീഷണിയുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
