മൂടാടി ദേശീയപാതയിലെ ഡിവൈഡറുകൾ അപകടക്കെണിയാകുന്നു

മൂടാടി ദേശീയപാതയിലെ ഡിവൈഡറുകൾ അപകടക്കെണിയാകുന്നു

  • ശ്രീലാൽ പെരുവട്ടൂർ

കൊയിലാണ്ടി: മൂടാടി ദേശീയപാതയിൽ ഉറുപുണ്യകാവ് ക്ഷേത്രത്തിന്റെ കവാടത്തിന് തൊട്ടുമുന്നിൽ നിന്ന് മൂടാടി ടൗൺ വരെ നീളുന്ന ഡിവൈഡറുകൾ അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പരാതി ഉയർത്തുന്നു.

റോഡിന്റെ ഉയരം വർധിപ്പിക്കുന്നതിന് മുമ്പ് നിർമ്മിച്ച ഡിവൈഡറുകൾ നിലവിൽ റോഡ് നിരപ്പിനേക്കാൾ വളരെ താഴ്ന്ന നിലയിലാണ്. ഇതുമൂലം ഡിവൈഡർ വ്യക്തമായി കാണാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നതായും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ ഇടിച്ച് അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.

ഉറുപുണ്യകാവ് ക്ഷേത്രത്തിലേക്ക് വാഹനങ്ങൾ പെട്ടെന്ന് തിരിക്കുന്നതിനിടെ വളവ് കഴിഞ്ഞ് അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ സഡൻ ബ്രേക്ക് ഇടേണ്ട സാഹചര്യം പതിവാണ്. നിയന്ത്രണം നഷ്ടപ്പെട്ടാൽ വാഹനങ്ങൾ ഡിവൈഡറിൽ കയറി മറിയുന്ന സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഒരു ഇരുചക്ര വാഹനയാത്രികൻ ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപ്പെട്ടിരുന്നു.

ഡിവൈഡറുകളുടെ ഉയരം വർധിപ്പിക്കുക, പ്രതിഫലിക്കുന്ന റിഫ്ലക്ടറുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുക, അപകടസാധ്യത കുറയ്ക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ നാട്ടുകാർ നിരവധി തവണ ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.

അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ദേശീയപാത അതോറിറ്റി അടിയന്തരമായി ഇടപെട്ട് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു…..ശ്രീലാൽ പെരുവട്ടൂർ

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )