
ചൂരൽമല- മുണ്ടക്കൈ പുനരധിവാസത്തിനായി സർക്കാർ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 167.12 കോടി രൂപയും അനുവദിച്ചു.
കല്പറ്റ : വയനാട് പുനരധിവാസത്തിനായി സർക്കാർ ഇതുവരെ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 102.59 കോടി രൂപയാണ് നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 167.12 കോടി രൂപയും അനുവദിച്ചു. കേന്ദ്രം അനുവദിച്ച 529.50 കോടി രൂപയും പുനരധിവാസത്തിനായി അനുവദിച്ചിരുന്നു. 43.56 കോടി രൂപ ടൗൺഷിപ്പിന്റെ ഭൂമി ഏറ്റെടുക്കാൻ ചെലവായി. ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള 299 കോടിയിൽ 80 കോടി രൂപ ഊരാളുങ്കലിന് നൽകി.

ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 120 കോടി രൂപ വയനാട് പുനരധിവാസത്തിനായി ഉപയോഗിക്കാൻ ഹൈക്കോടതിയുടെ അനുമതിയുണ്ടായിരുന്നു. ഇതിൽ നിന്ന് 102.59 കോടി രൂപ സർക്കാർ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ 773 കോടി രൂപയിൽ 167.12 കോടി രൂപയും പുനരധിവാസത്തിനായി നൽകി. 50 വർഷത്തേക്ക് തിരിച്ചടയ്ക്കേണ്ടതില്ലാത്ത വായ്പ്പയായി കേന്ദ്രം നൽകിയ 529 കോടി രൂപയും പുനരധിവാസത്തിന് നൽകി.
