
തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്
- മയ്യിലിൽ നടക്കുന്ന പൊതു യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിക്കും
കണ്ണൂർ: പയ്യന്നൂരിന് പിന്നാലെ ഇന്ന് തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം നടക്കും. മയ്യിലിൽ നടക്കുന്ന പൊതു യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിക്കും. ഇന്നലെ പയ്യന്നൂരിലെ രണ്ട് ഇടങ്ങളിൽ നടന്ന പൊതുയോഗത്തിൽ വി.കുഞ്ഞികൃഷ്ണൻ എംഎൽഎയെ കടുത്ത ഭാഷയിൽ പിണറായി വിമർശിച്ചിരുന്നു. 1970ന് ശേഷം ആദ്യമായാണ് തളിപ്പറമ്പിൽ സിപിഎം പരാജയപ്പെടുന്നത്. മണ്ഡലത്തിൽ സ്ഥാനാർഥി നിർണയം പാളിയെന്ന് പാർട്ടി അവലോകന യോഗത്തിൽ വിലയിരുത്തിയിരുന്നു. പി.കെ ശ്യാമളയെ സ്ഥാനാർഥി ആക്കിയതിൽ പ്രതിഷേധിച്ചാണ് ടി.കെ ഗോവിന്ദൻ സിപിഎം വിട്ട് യുഡി എഫ് സ്വതന്ത്രനായി മത്സരിച്ചത്.

ഏത് പ്രതിസന്ധി വന്നാലും ഇടതുപക്ഷത്തിന് പിടിച്ചുനിൽക്കാൻ പറ്റുന്ന ചില മണ്ഡലങ്ങൾ കേരളത്തിലുണ്ടെന്ന് പിണറായി കഴിഞ്ഞ ദിവസം പയ്യന്നൂരിൽ പറഞ്ഞിരുന്നു. ഏത് കുത്തൊഴുക്കിനെയും നേരിടാനുള്ള കെൽപ്പ് പയ്യന്നൂർ മണ്ഡലത്തിന് ഉണ്ടായിരുന്നു.രൂപീകരണം മുതൽ പയ്യന്നൂർ മണ്ഡലത്തിൽ 15 തവണ വിജയിച്ചത് സിപിഎം സ്ഥാനാർഥികളാണെന്നും അദ്ദേഹം പറയുന്നു.
