
നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികളായ സുഹൈൽ സജീവിന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും
- കഴിഞ്ഞ തിങ്കളാഴ്ച ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിരുന്നു
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികളായ സുഹൈൽ സജീവിന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. പ്രതികളുടെ റിമാൻഡ് കാലാവധി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. സാക്ഷി മൊഴി ഇനിയും രേഖപ്പെടുത്താനുള്ളതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിരുന്നു.

അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ പുതിയ സിസിടിവി ദൃശ്യങ്ങളും പുതിയ തെളിവുകളും ലഭ്യമായ സാഹചര്യത്തിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കും. പ്രതികൾ സാമ്പത്തികശേഷി ഉള്ളവരായതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ഉന്നയിച്ചേക്കും.കേസിൽ സുഹൈൽ സജീവ്, നിനവ്, അമീൻ എന്നിവരാണ് പ്രതികളായിട്ടുള്ളത്. ഒക്ടോബർ 11 ന് പുലർച്ചെയാണ് നെടുമ്പാശേരി അത്താണി സിഗ്നലിനു സമീപം അപകടമുണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്.
