
പാർട്ടി വിട്ടതിന് പിന്നാലെ രാഘവ് ഛദ്ദയും ആം ആദ്മി പാർട്ടിയും തമ്മിൽ വാക്പോര്
- ബോളിവുഡ് നടി പരിനീതി ചോപ്രയുമായുള്ള രാഘവ് ഛദ്ദയുടെ വിവാഹത്തിന്റെ ക്രെഡിറ്റ് പോലും ആം ആദ്മി പാർട്ടി അവകാശപ്പെട്ടിട്ടുണ്ട്
ഡൽഹി: പാർട്ടി വിട്ടതിന് പിന്നാലെ രാഘവ് ഛദ്ദയും ആം ആദ്മി പാർട്ടിയും തമ്മിലുള്ള വാക്പോര് കടുക്കുകയാണ്. ബിജെപിയിലേക്ക് പോയ രാഘവ് മുൻ പാർട്ടിക്കെതിരെ ആഞ്ഞടിക്കുമ്പോൾ എഎപി അദ്ദേഹത്തെ രാജ്യദ്രോഹിയായി ചിത്രീകരിക്കുകയും അദ്ദേഹത്തിന് നൽകിയ ആനുകൂല്യങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്യുകയാണ്. ബോളിവുഡ് നടി പരിനീതി ചോപ്രയുമായുള്ള രാഘവ് ഛദ്ദയുടെ വിവാഹത്തിന്റെ ക്രെഡിറ്റ് പോലും ആം ആദ്മി പാർട്ടി അവകാശപ്പെട്ടിട്ടുണ്ട്. ഛദ്ദയ്ക്കെതിരെ രൂക്ഷമായ വ്യക്തിപരമായ കടന്നാക്രമണവുമായി പാർട്ടി വക്താവ് വികാസ് സിങ് രംഗത്തെത്തി. രാഘവ് ഛദ്ദയ്ക്ക് പരിനീതിയെ വിവാഹം കഴിക്കാൻ സാധിച്ചത് അദ്ദേഹം പാർട്ടിയുടെ രാജ്യസഭാ എംപി ആയതുകൊണ്ട് മാത്രമാണെന്ന് സിങ് പരിഹസിച്ചു.

രാഘവ് ഛദ്ദ വെറുമൊരു സാധാരണക്കാരൻ മാത്രമായിരുന്നു. പാർട്ടിയാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചത്. ആ പദവി ഉള്ളതുകൊണ്ട് മാത്രമാണ് പരിനീതി ചോപ്രയെപ്പോലൊരു താരം അദ്ദേഹത്തെ വിവാഹം കഴിക്കാൻ തയ്യാറായത്” എന്ന് അദ്ദേഹം പറഞ്ഞു. അരവിന്ദ് കെജ്രിവാളിൻ്റെ വിശ്വസ്തനായിരുന്ന രാഘവ് ഛദ്ദയും പാർട്ടിക്കുള്ളിലെ മറ്റ് ചില വിഭാഗങ്ങളും തമ്മിലുള്ള തർക്കം ഇതോടെ പരസ്യമായിരിക്കുകയാണ്. പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് ഛദ്ദ വിട്ടുനിൽക്കുന്നു എന്ന
ആരോപണം നേരത്തെ തന്നെഉയർന്നിരുന്നു.പാർട്ടിയെ വളർത്താൻ കഷ്ടപ്പെട്ടവരെ അവഗണിക്കുന്നുവെന്നും, പദവികൾ ഉപയോഗിച്ച് ചിലർ സ്വന്തം ഇമേജ് വർധിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമാണ് വികാസ് സിങ്ങിന്റെ പക്ഷം.
