
പുതിയ കണക്ഷൻ നടപടികളിൽ അടിമുടി മാറ്റം; പരമ്പരാഗത ഗാർഹിക കണക്ഷൻ ഒഴിവാക്കി പാചകവാതക കമ്പനികൾ
- സബ്സിഡിയുള്ള 14.2 കിലോയുടെ ഗാർഹിക സിലിൻഡറുകളുടെ പുതിയ കണക്ഷൻ നൽകുന്നത് അവസാനിപ്പിച്ചു. ആറുമാസമായി നൽകുന്നത് 10 കിലോയുടെ കോമ്പോസിറ്റ് ഗ്യാസ് സിലിൻഡർ കണക്ഷൻ.
കാസർഗോഡ് : പുതിയ കണക്ഷൻ നടപടികളിൽ അടിമുടി മാറ്റംവരുത്തി പാചകവാതക കമ്പനികൾ. സബ്സിഡിയുള്ള 14.2 കിലോയുടെ ഗാർഹിക സിലിൻഡറുകളുടെ പുതിയ കണക്ഷൻ നൽകുന്നത് അവസാനിപ്പിച്ചു. ആറുമാസമായി നൽകുന്നത് 10 കിലോയുടെ കോമ്പോസിറ്റ് ഗ്യാസ് സിലിൻഡർ കണക്ഷൻ. ഗാർഹിക സിലിൻഡറിന് പകരം വ്യക്തിഗത സിലിൻഡറെന്ന ആശയമാണ് മാറ്റത്തിനു പിന്നിൽ. പുതിയ കണക്ഷൻ നൽകുന്നില്ലെങ്കിലും പഴയ ഗാർഹിക ഉപഭോക്താക്കൾക്ക് മുൻവ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സിലിൻഡറുകൾ നിറച്ചുകൊടുക്കുന്നുണ്ട്. എന്നാൽ ആകർഷകമായ വാഗ്ദാനങ്ങൾക്ക് പിന്നാലെ കടന്നുകൂടുന്നത് സാമ്പത്തികനഷ്ടമാണ്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ‘എച്ച്.പി. നവ്യ’ പദ്ധതിപ്രകാരം പുതിയ കണക്ഷനെടുക്കാനോ മാറ്റാനോ കാലതാമസമില്ല.

സർക്കാർ അംഗീകൃത തിരിച്ചറിയൽരേഖകളിൽ ഏതെങ്കിലുമൊന്നും ഫോട്ടോയുമുപയോഗിച്ച് വളരെ പെട്ടെന്ന് ഇത് ചെയ്യാം. ഒരു മേൽവിലാസത്തിൽ പരമാവധി രണ്ട് സിലിൻഡർ എന്ന പരിധിയുമില്ല. പുതിയ കണക്ഷനെടുക്കാനും സിലിൻഡർ നിറയ്ക്കാനും നിശ്ചിത ഇടവേള വേണമെന്ന ഉപാധിയും നീക്കി. അതേസമയം കണക്ഷന്റെയും റീഫില്ലിങ്ങിന്റെയും നിരക്കുകളിലടക്കം വൻ വർധനയാണുള്ളത്. നിലവിലുള്ള സബ്സിഡികളൊന്നും ഇവയ്ക്ക് ബാധകമല്ല. പത്തുകിലോയുടെഒരു സിലിൻഡറിന്റെ കണക്ഷൻ ലഭിക്കാൻ 4840 രൂപയും ഓരോ തവണയും നിറയ്ക്കാൻ 1650 രൂപ വീതവുമാണ് ഈടാക്കുന്നത്. മുൻപ് ഗാർഹിക സിലിൻഡർ കണക്ഷന് 4000 രൂപയ്ക്കുള്ളിൽ മാത്രമായിരുന്നുഇത് ഒരുതവണ നിറയ്ക്കാൻ നിലവിൽ 930 രൂപയാണ്. ഇരട്ട സിലിൻഡർ കണക്ഷന്, മുൻപ് 8000 രൂപയിൽ താഴെ മാത്രം ഈടാക്കിയിരുന്നിടത്ത് നിലവിൽ ഇളവുകളൊന്നുമില്ല. പുതിയ പദ്ധതി നിലവിൽ വരുന്നതിനു മുൻപ് പ്രയോജനപ്പെടുത്തിയിരുന്ന സബ്സിഡി ഉപഭോക്താക്കൾക്ക് തുടരാം. എന്നാൽ കണക്ഷൻ മാറ്റുന്നതോടെ ഇവയില്ലാതാകും.
