
മഴക്കെടുതി ; 43 പേർ ദുരിതാശ്വാസ ക്യാമ്പിൽ
- കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ 14 കുടുംബങ്ങളിലുള്ളവർ കോതമംഗലം ജിഎൽപി സ്കൂൾ ക്യാമ്പിൽ
കൊയിലാണ്ടി:കൊയിലാണ്ടിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. മഴയോടൊപ്പം തന്നെ മഴക്കെടുതിയും ഉയരുന്ന സാഹചര്യത്തിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ 14 കുടുംബങ്ങളിലെ 43 പേരെ കോതമംഗലം ജിഎൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്.
ക്യാമ്പിൽ വാർഡ് 32 ലെ 11കുടുംബങ്ങളും വാർഡ് 31 നിന്ന് 2കുടുംബങ്ങളും വാർഡ് 29ൽ നിന്ന് 1 കുടുംബവുമാണ് എത്തിയിട്ടുള്ളത്. ആരോഗ്യ വകുപ്പിൻറെ സഹായം ലാഭ്യമാക്കിയിട്ടുണ്ടെന്നും, ക്യാമ്പ് ശുചീകരണവും വേസ്റ്റ് മാനേജ്മെന്റും ലഭ്യമാക്കിയിട്ടുണ്ടെന്നും പന്തലായനി വില്ലേജ് ഓഫിസർ ദിനേശൻ. എം
കെ ഫയലിനോട് പറഞ്ഞു. കൂടാതെ ക്യാമ്പിൽ പോലീസ് കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ആരോഗ്യ വിഭാഗത്തിന്റെ ആരോഗ്യ ക്യാമ്പ് നടത്തുന്നുണ്ട് എന്നും കൂടുതൽ ക്യാമ്പ് തുടങ്ങേണ്ട സാഹചര്യം ഉണ്ടായാൽ അതിനുള്ള തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട് എന്നും വില്ലേജ് ഓഫിസർ കൂട്ടിച്ചേർത്തു.

അതേ സമയം ക്യാമ്പിൽ എല്ലാ വിധ സഹായങ്ങളും ലഭ്യമാവുന്നുണ്ട് എന്നും, ക്യാമ്പിൽ യാതൊരു വിധത്തിലുള്ള കുറവുകളും പ്രശ്നങ്ങളും ഇല്ല എന്ന് ക്യാമ്പിൽ കഴിയുന്ന കെ. വി. മിനി കെ ഫയലിനോട് പ്രതികരിച്ചു. വർഷങ്ങളായി തങ്ങൾ മഴക്കാലത്ത് ക്യാമ്പുകളിൽ തുടരുകയാണെന്നും സ്ഥിരമായി വീട് വിട്ടുള്ള ഇറക്കം പേടിപ്പെടുത്തുന്നു എന്നും, തങ്ങൾക്ക് സ്ഥിരമായ പുനരധിവാസം സാധ്യമാക്കാൻ അധികാരികൾ ഇടപെടണമെന്നും മിനി കൂട്ടിചേർത്തു.