
യുവസംരംഭകത്വത്തിന് കരുത്തേകാൻ പുതിയ പദ്ധതി; കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല
പ്രാദേശിക തലത്തിൽ തൊഴിൽസാധ്യതകൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് വടകര എംപി ഷാഫി പറമ്പിൽ ആവിഷ്കരിച്ച പദ്ധതി കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: യുവസംരംഭകത്വ ചിന്തകൾക്ക് പ്രോത്സാഹനം നൽകാനും നൂതന ആശയങ്ങൾ വികസിപ്പിച്ച് പ്രാദേശിക തലത്തിൽ തൊഴിൽസാധ്യതകൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് വടകര എംപി ഷാഫി പറമ്പിൽ ആവിഷ്കരിച്ച പദ്ധതി കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.
പുതിയ സംരംഭക ആശയങ്ങളെ മാർഗനിർദേശങ്ങൾ, സ്ഥാപനങ്ങളുടെ പിന്തുണ, നൂതന വിഭവങ്ങൾ, നിക്ഷേപസാധ്യതകൾ എന്നിവയുമായി ബന്ധിപ്പിച്ച് ഊർജസ്വലമായ സംരംഭക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കുക, യുവാക്കളുടെ കഴിവുകൾ പ്രാദേശികമായി നിലനിർത്തുക, സമ്പത്ത് സൃഷ്ടിക്കുക എന്നിവയ്ക്കും പദ്ധതി വഴിയൊരുക്കും.

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽനിന്ന് രമേശ് ചെന്നിത്തല ഫ്ലാഗ് ഓഫ് ചെയ്ത വാഹനം ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ എത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ അദ്ദേഹം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
അഡ്വ. കെ. പ്രവീൺകുമാർ എംഎൽഎ സ്വാഗതം പറഞ്ഞു. ഷാഫി പറമ്പിൽ എംപി അധ്യക്ഷത വഹിച്ചു. അഖിൽ കുര്യൻ പദ്ധതി വിശദീകരണം നടത്തി.
കെ.എം. അഭിജിത്ത് എംഎൽഎ, കെ.കെ. രമ എംഎൽഎ, ഫാത്തിമ തഹ്ലിയ എംഎൽഎ, കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ, മെറിൻ ജോസഫ് ഐപിഎസ്, ജിവിഎച്ച്എസ്എസ് കൊയിലാണ്ടി പ്രധാനാധ്യാപിക ഷജിത ടി., ബിജേഷ് ഉപ്പാലക്കൽ, മുർഷിദ് പുളിക്കട, എ. സജീവ് കുമാർ എന്നിവർ ആശംസകൾ നേർന്നു. ജിവിഎച്ച്എസ്എസ് കൊയിലാണ്ടി പ്രിൻസിപ്പൽ സുധാകരൻ നന്ദി പറഞ്ഞു.
