
ലൈംഗിക അതിക്രമ കേസുകളിൽ വിധി പ്രസ്താവിക്കുമ്പോൾ സ്ത്രീവിരുദ്ധവും ഇരകളെ കുറ്റപ്പെടുത്തുന്നതുമായ പദപ്രയോഗങ്ങൾ ഒഴിവാക്കാൻ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീം കോടതി
- മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ ശുപാർശകളുള്ളത്.
ന്യൂഡൽഹി: ലൈംഗിക അതിക്രമ കേസുകളിൽ വിധി പ്രസ്താവിക്കുമ്പോൾ സ്ത്രീവിരുദ്ധവും ഇരകളെ കുറ്റപ്പെടുത്തുന്നതുമായ പദപ്രയോഗങ്ങൾ ഒഴിവാക്കാൻ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീം കോടതി. ബലാത്സംഗം, ലൈംഗികാതിക്രമം എന്നിവയുമായി ബന്ധപ്പെട്ട വിധിന്യായങ്ങളിൽനിന്ന് ലിംഗപരമായ സ്ഥിരംമാതൃകകളും ഇരയെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പ്രയോഗങ്ങളും ഒഴിവാക്കാൻ ജഡ്ജിമാർക്ക് നിർദ്ദേശം നൽകി. ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കോടതികൾ കൂടുതൽ ആലോചനാപൂർണവും അതിജീവിച്ചവർക്ക് മുൻഗണന നൽകുന്നതുമായ സമീപനം സ്വീകരിക്കണമെന്ന് കോടതി വ്യക്തമാക്കി.മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ ശുപാർശകളുള്ളത്.

വിധിന്യായങ്ങൾ എഴുതുന്നതിലെ “അതീവശ്രദ്ധയും അനുകമ്പയും’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട്, ഇന്ത്യയിലുടനീളമുള്ള 125 വിചാരണ കോടതി വിധിന്യായങ്ങൾ പരിശോധിച്ച ശേഷമാണ് തയ്യാറാക്കിയത്. “പ്രോസിക്യൂട്രിക്സ്’, “അബലയായ സ്ത്രീ’, “പാതിവ്രത്യം നഷ്ടപ്പെട്ടു’, ‘മാനം കവർന്നു’ തുടങ്ങിയ പ്രയോഗങ്ങൾ നിർത്തലാക്കാൻ ജഡ്ജിമാരോട് സമിതി ആവശ്യപ്പെട്ടു. ഇത്തരം പദപ്രയോഗങ്ങൾ പുരുഷാധിപത്യപരമായ വാർപ്പുമാതൃകകളിൽ അധിഷ്ഠിതമാണെന്നും അവ അതിജീവിച്ചവരെ വീണ്ടും മാനസികമായി തളർത്തുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
