
വിമാന സർവീസുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവുമായി വിമാനക്കമ്പനികൾ
- ഇന്ധനവില ഇരട്ടിയായതും വ്യോമപാതകൾ അടച്ചതും സർവീസ് സമയം അഞ്ചു മണിക്കൂർ വരെ നീണ്ടതുമാണ് കമ്പനികളെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്
ദുബായ് : മലയാളികൾ ഉൾപ്പെടെ ഗൾഫിലെ വിദേശികൾ സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യുന്ന വേനലവധിക്കാലത്ത് വിമാന സർവീസുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവുമായി എയർ ഇന്ത്യ, ഇൻഡിഗോ, എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ.ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ വിമാന ഇന്ധനവില ഇരട്ടിയായതും വ്യോമപാതകൾ അടച്ചതും സർവീസ് സമയം അഞ്ചു മണിക്കൂർ വരെ നീണ്ടതുമാണ് കമ്പനികളെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്. ആഗോളതലത്തിൽ വിമാനക്കമ്പനികൾ തങ്ങളുടെ സമ്മർ ഷെഡ്യൂളിൽനിന്ന് 75,000ത്തിലേറെ സർവീസുകളാണ് പൂർണമായി നീക്കം ചെയ്തത്.

ഇതു സാധാരണക്കാരായ പ്രവാസികളുടെ യാത്രാ ബജറ്റിനെ താളംതെറ്റിക്കും. വരും ദിവസങ്ങളിൽ ടിക്കറ്റ് ചാർജ് വലിയ തോതിൽ ഉയരുമെന്നാണ് സൂചന. എയർ ഇന്ത്യ ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള രാജ്യാന്തര സർവീസുകളിൽ 27 ശതമാനവും ആഭ്യന്തര സർവീസുകളിൽ 22 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്. രാജ്യാന്തര തലത്തിൽ അതിവേഗം വളർന്നുകൊണ്ടിരുന്ന ഇൻഡിഗോയും യൂറോപ്പിലേക്കുള്ള പ്രമുഖ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. സർവീസുകൾ കുറയുന്നതോടെ കേരളത്തിലേക്കുള്ള സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകും.
