
വൈദ്യുതിപ്രതിസന്ധി പരിഹരിക്കാൻ പുതിയനയം വേണമെന്നും ഉപയോഗം പരമാവധി കുറയ്ക്കണമെന്നും മന്ത്രി സണ്ണി ജോസഫ്
- സർക്കാർ കൂടുതൽ വിലകൊടുത്ത് വൈദ്യുതി വാങ്ങും. പ്രതിസന്ധിയുടെ കാര്യം വ്യക്തമാക്കി കെ.എസ്.ഇ.ബി. സർക്കാരിന് കത്തെഴുതിയിട്ടുണ്ട്
കോഴിക്കോട് :വൈദ്യുതിപ്രതിസന്ധി പരിഹരിക്കാൻ പുതിയനയം വേണമെന്നും ഉപയോഗം പരമാവധി കുറയ്ക്കണമെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. “എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതിക്ഷാമമുണ്ട്. എൻ.ടി.പി.സി. ഉൾപ്പെടെ കേന്ദ്രസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞു. സർക്കാർ കൂടുതൽ വിലകൊടുത്ത് വൈദ്യുതി വാങ്ങും. പ്രതിസന്ധിയുടെ കാര്യം വ്യക്തമാക്കി കെ.എസ്.ഇ.ബി. സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. ഉത്പാദനം വർധിപ്പിക്കാനാണ് പുതിയ നയം സ്വീകരിക്കുന്നത്. അതല്ലാതെ മറ്റുമാർഗ്ഗമില്ല”-കോഴിക്കോട് ഡി.സി.സി. ഓഫീസിൽ എൻ.പി. മൊയ്‌തീൻ അനുസ്മരണയോഗം ഉദ്ഘാടനംചെയ്യാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.മഴ കുറയുകയും ചൂടുകൂടുകയും ചെയ്തതിനാൽ ഉപയോഗം കൂടി. ഉത്പാദനം കുറയുകയും ചെയ്തു. 1000 മെഗാവാട്ടാണ് ഉപയോഗം കൂടിയത്. വൈദ്യുതിവാഹനങ്ങൾ വ്യാപകമായതും ഇതിന് കാരണമാണ്. പ്രശ്‌നപരിഹാരം ലക്ഷ്യമിട്ട് വൈദ്യുതിബോർഡ് ഉദ്യോഗസ്ഥരെ മറ്റു സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഉപയോഗം കുറയ്ക്കണമെന്നും ആഡംബരവിളക്കുകൾ അണയ്ക്കണമെന്നും ചൂണ്ടിക്കാട്ടി മുൻ മന്ത്രി എ.കെ. ബാലൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ സ്വാഗതാർഹമാണ്.

രാത്രി പൂട്ടിയിട്ടിരിക്കുന്ന സർക്കാർ ഓഫീസുകളിൽപ്പോലും ഫാനും ലൈറ്റുകളും പ്രവർത്തിക്കുന്നത് കണ്ടിട്ടുണ്ട്. പകൽ തെരുവുവിളക്കുകൾ അണയ്ക്കാത്തതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇതൊന്നും അനുവദിക്കാനാവില്ല. മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് കൊണ്ടുവന്ന കരാർ റദ്ദാക്കിയത് വലിയ തെറ്റായിപ്പോയി. ചെറിയ പൈസക്ക് വൈദ്യുതി കിട്ടിയിരുന്നത് കരാർ റദ്ദാക്കിയപ്പോൾ ഇല്ലാതായി. ഒൻപതുവർഷം വൈദ്യുതി ലഭിക്കാൻ കരാർ സഹായിച്ചിരുന്നു. കരാർ റദ്ദായതിന്റെ ദുരിതം ഇപ്പോഴാണ് ശരിക്കും അനുഭവിക്കുന്നത്. പകൽ പവർക്കട്ടില്ല. ചില ഉദ്യോഗസ്ഥർ മനഃപൂർവം വൈദ്യുതി ഓഫാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് വെറുതേയല്ല. അത്തരക്കാർക്കെതിരേ കർശന നടപടിയുണ്ടാവും -മന്ത്രി പറഞ്ഞു
