
ശബരിമലയിൽ വീണ്ടും സ്വർണ്ണക്കൊള്ള : സ്ട്രോങ് റൂമിൽ മുദ്രവെച്ച പൊതിയിൽ സൂക്ഷിച്ച സ്വർണ്ണത്തിന്റെ അളവിൽ കുറവെന്ന് അമിക്കസ് ക്യൂറിയുടെ കണ്ടെത്തൽ
- അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.റ്റി.ശങ്കരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണത്തിന്റെ അളവിൽ കുറവുവന്നതായി കണ്ടെത്തിയത്.
ശബരിമല : ശബരിമല സ്ട്രോങ് റൂമിൽ മുദ്രവെച്ച പൊതിയിൽ സൂക്ഷിച്ച സ്വർണ്ണത്തിന്റെ അളവിൽ കുറവെന്ന് അമിക്കസ് ക്യൂറിയുടെ കണ്ടെത്തൽ. അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.റ്റി.ശങ്കരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണത്തിന്റെ അളവിൽ കുറവുവന്നതായി കണ്ടെത്തിയത്. സ്വർണ്ണത്തിന്റെ എണ്ണത്തിൽ കുറവ് വരാതെ അളവിൽ 26.270 ഗ്രാം സ്വർണ്ണത്തിന്റെ കുറവാണ് കണ്ടെത്തിയത്. ജൂൺമാസത്തിൽ ടി.ആർ. 10817 എന്ന നമ്പറിലുള്ള മുദ്രപ്പൊതി തുറന്നുപരിശോധിച്ചപ്പോൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നത് 210 ഗ്രാം 250 മില്ലി ഗ്രാം എന്നായിരുന്നു.

എന്നാൽ മുദ്രപ്പൊതി തുറന്ന് നടത്തിയ പരിശോധനയിൽ 183 ഗ്രാം 980 മില്ലി ഗ്രാം സ്വർണ്ണമാണ് കണ്ടെത്താനായത്.ജനുവരി 19 നാണ് ശബരിമല ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുദ്രപ്പൊതി ഏറ്റുവാങ്ങി സ്ട്രോങ് റൂമിൽ സൂക്ഷിക്കുന്നത്.ജൂണിൽ മുദ്രപ്പൊതി തുറന്ന് പരിശോധിച്ചപ്പോഴാണ് വ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. മണി, മാല, വള, ആനവാൽ മോതിരം, കല്ല്, കമ്മൽ, താലി, ലോക്കറ്റ്, സ്വർണ്ണ ബിസ്ക്കറ്റ് എന്നിവ അടങ്ങുന്ന 11 ആഭരണങ്ങളാണ് ഉൾപ്പെടുന്നത്.ഇതിൽ മോതിരങ്ങളുടെ തൂക്കം 33 ഗ്രാമിൽ നിന്നും 5.770 ഗ്രാമായി കുറഞ്ഞു. ആഭരണങ്ങളുടെ എണ്ണത്തിൽ കുറവ് വരാതെ അളവിൽ എങ്ങനെ വത്യാസം വന്നു എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം.
