ശിവസൂര്യയുടെ തിരോധാനക്കേസിൽ പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് രൂപം നൽകാൻ ഉത്തരവിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ശിവസൂര്യയുടെ തിരോധാനക്കേസിൽ പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് രൂപം നൽകാൻ ഉത്തരവിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

  • രാവിലെ പതിനൊന്ന് മണിയോടെ ന്യൂമാഹിക്ക് സമീപമുള്ള പെരിങ്ങാടിയിൽ വെച്ച് ബന്ധുക്കളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ആഭ്യന്തര മന്ത്രിയെ നേരിൽക്കണ്ട് നിവേദനം സമർപ്പിച്ചതിന് പിന്നാലെയാണ് ഇടപെടൽ

കണ്ണൂർ: ചൊക്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കരിയാട് പുളിയനമ്പ്രത്തുനിന്ന് കാണാതായ പ്ലസ്ട വിദ്യാർത്ഥി ശിവസൂര്യയുടെ (17) തിരോധാനക്കേസിൽ പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് രൂപം നൽകാൻ ഉത്തരവിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എഡിജിപിക്കാണ് മന്ത്രി ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ഞായറാഴ്ച്‌ രാവിലെ പതിനൊന്ന് മണിയോടെ ന്യൂമാഹിക്ക് സമീപമുള്ള പെരിങ്ങാടിയിൽ വെച്ച് ബന്ധുക്കളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ആഭ്യന്തര മന്ത്രിയെ നേരിൽക്കണ്ട് നിവേദനം സമർപ്പിച്ചതിന് പിന്നാലെയാണ് ഇടപെടൽ.ശിവസൂര്യയെ കാണാതായിട്ട് ഞായറാഴ്ച 49 ദിവസം തികയുകയാണ്. തലശ്ശേരി റെയിൽവേ സ്റ്റേഷനിലോ മറ്റ് പ്രധാന കേന്ദ്രങ്ങളിലോ കുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെ കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് കുടുംബത്തിന്റെ പ്രധാന സംശയം.കുട്ടി കാശിയിലേക്ക് പോകുന്നുവെന്ന്കത്തിൽ എഴുതിവെച്ചത് ആരുടെയെങ്കിലും ബാഹ്യപ്രേരണ മൂലമായിരിക്കാമെന്ന് ശിവസൂര്യയുടെ ബന്ധു ബബിജ മാധ്യമങ്ങളോട്പ്രതികരിച്ചു. കുട്ടി അമ്പലങ്ങളിൽ പോകുന്ന ആളോ ഭക്തനോ ആയിരുന്നില്ലെന്നും ആരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നുവെന്നും അവർ വ്യക്തമാക്കി.

പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച ബുദ്ധിശാലിയായ കുട്ടിയായിരുന്നു അവൻ. കുടുംബത്തിൽ സംസാരിച്ച ചില കാര്യങ്ങൾ കുട്ടി തെറ്റായ രീതിയിൽ ഉൾക്കൊണ്ടതാകാമെന്നും ഇവർ ചൂണ്ടിക്കാട്ടി.മൊബൈൽ ഫോൺ ഗെയിമുകൾക്ക് കുട്ടി അടിമപ്പെട്ടതിനെത്തുടർന്ന് പിതാവ് ഫോൺ വാങ്ങി വെച്ചതിന്റെ പേരിൽ കഴിഞ്ഞ മാസം എട്ടാം തീയതി വൈകിട്ട് മൂന്ന് മണിയോടെയാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. താൻ ദൈവത്തോട് അലിയാൻ കാശിയിലേക്ക് പോകുന്നുവെന്ന് വ്യക്തമാക്കുന്ന കുറിപ്പ് വീട്ടിൽ ഉപേക്ഷിച്ച ശേഷമായിരുന്നു യാത്ര. കേരളത്തിൽ വിവിധ ഇടങ്ങളിൽ വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തലശ്ശേരി എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാശിയിൽ ഉൾപ്പെടെ നേരിട്ടെത്തി വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് ഒരു തുമ്പും കണ്ടെത്താൻ സാധിച്ചിരുന്നില്ല. പ്രാദേശിക പൊലീസിൻ്റെ അന്വേഷണം എങ്ങുമെത്താത്ത പശ്ചാത്തലത്തിലാണ് കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )