
സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു
- അടുത്ത ദിവസങ്ങളിലും മഴ വ്യാപകമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം:സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിലും മഴ വ്യാപകമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത 3 മുതൽ 4 ദിവസങ്ങൾക്കുള്ളിൽ കേരളത്തിലേക്കും തമിഴ്നാട്ടിലെ ചില ഭാഗങ്ങളിലേക്കും പ്രവേശിക്കാനുള്ള അനുകൂല സാഹചര്യം രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.മഴ ശക്തമാകുമെന്ന പ്രവചനത്തെ തുടർന്ന് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

ജൂൺ 3 ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും ജൂൺ 4 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് ഉള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ ലഭിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് മേഖലകൾ ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിലേക്ക് കാലവർഷം വ്യാപിക്കുന്നതിനുള്ള അനുകൂല സാഹചര്യങ്ങളാണ് നിലവിലുള്ളത്. ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങളിലേക്കും കാലവർഷത്തിന്റെ വ്യാപനം തുടരാൻ സാധ്യതയുണ്ട്.
