
അന്ത്യദർശനത്തിന് എത്തിയത് ആയിരങ്ങൾ: സയ്യിദ് അലി ബാഫഖി തങ്ങൾക്ക് നാടിന്റെ യാത്രാമൊഴി
മയ്യിത്ത് നിസ്കാരത്തിന് ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി.
കൊയിലാണ്ടി: കർമധന്യത കൊണ്ട് ഒരു പുരുഷായുസ്സ് മുഴുവൻ സേവന വഴിയിൽ സമർപ്പിച്ച സയ്യിദ് അലി ബാഫഖി തങ്ങൾക്ക് നാട് കണ്ണീരോടെ വിടചൊല്ലി.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസ് പ്രസിഡൻ്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ നാടിൻ്റെ വിവിധ ദിക്കുകളിൽ നിന്നായി അനേകായിരങ്ങളാണ് ഒഴുകിയെത്തിയത്. കൊയിലാണ്ടി മുബാറക്ക് റോഡിലെ വസതിയിൽ എത്തിയ വൻജനാവലിയെ നിയന്ത്രിക്കാൻ വളണ്ടിയർമാരും സന്നദ്ധ പ്രവർത്തകരും ഏറെ പ്രയാസപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെ മയ്യിത്ത് വീട്ടിൽ നിന്നും കൊയിലാണ്ടി ഖാദിരിയ്യ മസ്ജിദ് പരിസരത്ത് സജ്ജമാക്കിയ ഗ്രൗണ്ടിൽ എത്തിച്ചു. മയ്യിത്ത് നിസ്കാരത്തിന് ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി.

സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രധാന കർമ കേന്ദ്രമായ കൊയിലാണ്ടി ഖൽഫാൻ ഇസ് ലാമിക്ക് സെൻ്റർ ക്യാമ്പസിൽ പ്രത്യേകമായി ഒരുക്കിയ ഖബറിലാണ് മയ്യിത്ത് അടക്കം ചെയ്തത്.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളായ ഇ സുലൈമാൻ മുസ്ലിയാർ ,സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, സി മുഹമ്മദ് ഫൈസി, കോടമ്പുഴ ബാവ മുസ്ലിയാർ പേരോട് അബ്ദുറഹിമാൻ സഖാഫി, വി പി എം ഫൈസി വില്യാപ്പള്ളി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി തുടങ്ങിയവർ അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി.മന്ത്രി ടി സിദ്ദീഖ്കർണാടക ആരോഗ്യ വകുപ്പ് മന്ത്രി യു ടി ഖാദർ , എം എൽ എ മാരായ കെ പ്രവീൺ കുമാർ, പി എ മുഹമ്മദ് റിയാസ്, ഷാഫി പറമ്പിൽ എംപി, നഗരസഭ ചെയർമാൻ യുകെ ചന്ദ്രൻ, സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ, മുക്കം ഉമർ ഫൈസി തുടങ്ങിയവർ വസതിയിൽ എത്തി അനുശോചനമറിയിച്ചു
