
അന്ന് ഗണപതിഇന്ന് അനു- മുജീബ് സ്ഥിരം കുറ്റവാളി
- പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ ജ്വല്ലറി ഉടമ ഗണപതിയെയാണ് മുമ്പ് മുബീബ് കൊലപ്പെടുത്തിയത്.
കോഴിക്കോട് : പേരാമ്പ്ര അനു കൊലക്കേസിൽ റിമാൻഡിലുള്ള പ്രതി മുജീബ് റഹ്‌മാനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി പൊലീസ് ഇന്ന് അപേക്ഷ നൽകും. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക. മുജീബിനെതിരെ ഇതുവരെ 57 കേസുകളുണ്ട്.
അറസ്റ്റിലായ പ്രതി മുജീബ് കൊല്ലപ്പെട്ട അനുവിനെ തെറ്റിദ്ധരിപ്പിച്ച് ബൈക്കിൽ കയറ്റുകയായിരുന്നു. അടുത്ത ജംക്‌ഷനിൽ നിൽക്കുന്ന ഭർത്താവിന് സമീപം എത്തിക്കാമെന്നാണ് ഇയാൾ പറഞ്ഞത്. യുവതി ഇത് വിശ്വസിച്ച് ബൈക്കിൽ കയറിയെങ്കിലും അല്ലിയോറയിലെത്തിയപ്പോൾ പ്രതി തോട്ടിൽ തള്ളിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം സ്വർണവുമായി കടന്നുകളയുകയായിരുന്നു. പ്രതി ഇതിനു മുൻപും ഇത്തരത്തിൽ സ്ത്രീകളെ പീഡിപ്പിച്ച് സ്വർണം കവർന്നിരുന്നു.
2000ൽ ജ്വല്ലറി ഉടമയെ കൊന്ന കേസിലെ പ്രതിയായിരുന്നു മുജീബ്. പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ ജ്വല്ലറി ഉടമ ഗണപതിയെയാണ് കൊലപ്പെടുത്തിയത്. സ്വർണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ മുജീബും സംഘവും ഗണപതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലക്കുശേഷം കടന്നുകളഞ്ഞ മുജീബിനെ സേലത്തുനിന്നാണ് പിടികൂടിയത്. കേസിൽ മുജീബ് ശിക്ഷ അനുഭവിച്ചെങ്കിലും പുറത്തിറങ്ങിയ ശേഷം ഇയാൾ കുറ്റകൃത്യങ്ങൾ തുടർന്നു. സമാനരീതിയിലുള്ള മറ്റുകേസുകളിൽ ഇയാൾക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിൽ എടുത്തതിനു ശേഷം ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനും വിധേയനാക്കും. കൊലപാതകം നടന്ന അല്ലിയോറ താഴെയിലെ തോട്ടിലും ബൈക്ക് മോഷ്‌ടിച്ച കണ്ണൂർ മട്ടന്നൂരിലും മുജീബുമായി തെളിവെടുപ്പ് നടത്തും.