
അഭിഭാഷകയായ യുവതിയുടെ പരാതി :ഇഎൻ സുരേഷ് ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്കൊരുങ്ങി സിപിഎം
- സുരേഷ്ബാബുവിനെതിരെ യുവതി ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ കൈമാറിയിട്ടുണ്ടെന്നാണ് വിവരം
പാലക്കാട്: ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയ ഇഎൻ സുരേഷ് ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് സിപിഎം. അഭിഭാഷകയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം. ഇഎൻ സുരേഷ്ബാബുവിനെതിരെ യുവതി ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ കൈമാറിയിട്ടുണ്ടെന്നാണ് വിവരം.പാർട്ടി ഓഫീസിൽ വച്ച് ഇഎൻ സുരേഷ്ബാബു മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. തെരഞ്ഞെടുപ്പ് സമയത്ത് പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടനപരമായ ആവശ്യത്തിനെത്തിയപ്പോഴാണ് സംഭവം. തുടർന്ന് യുവതി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിക്കും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പരാതി നൽകുകയായിരുന്നു.സുരേഷ്ബാബുവിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്നും അറിയിച്ചതോടെയാണ് പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും സുരേഷ് ബാബുവിനെ നീക്കിയതെന്നാണ് വിവരം.

വിശാല സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിക്കിടെ സംസ്ഥാന നേതൃത്വം ഇഎൻ സുരേഷ് ബാബുവിനെ വിളിച്ചുവരുത്തുകയും പരാതി വായിപ്പിച്ച് കേൾപ്പിക്കുകയും സ്വയം പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയാമെന്ന് അറിയിച്ച സുരേഷ് ബാബു തനിക്കെതിരെ വന്ന പരാതി വിശാല കമ്മിറ്റിയിൽ പറയരുതെന്നും ആവശ്യപ്പെടുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ഒഴിയുകയാണെന്നാണ് ഇഎൻ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞത്.
