
ആർ സുഗതന്റെ സത്യപ്രതിജ്ഞ ചടങ്ങ് വിയ്യൂർ ജയിലിൽ നടത്തണം എന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെ എസ് ശബരീനാഥൻ
- ഒരു ജനപ്രതിനിധി, അതാരായാലും ഏത് സാഹചര്യമായാലും സത്യപ്രതിജ്ഞ ചെയ്യണം എന്നുള്ളത് ജനങ്ങളുടെ അവകാശമായത് കൊണ്ട്മാത്രമാണ് കോടതി സുഗതന് ഇന്ന് അനുമതി നൽകിയത്
തിരുവനന്തപുരം:വാഴോട്ടുകോണം കൗൺസിലർ ആർ സുഗതൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് വിയ്യൂർ ജയിലിൽ നടത്തണം എന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് കൗൺസിലർ കെ എസ് ശബരീനാഥൻ.സുഗതനെതിരെയുള്ള കാപ്പാ കേസ് കോടതി വളരെ പ്രാധാന്യത്തോടെ കാണുന്നു എന്നതാണ് ഈ ഉത്തരവിന്റെ പൊരുൾ. പക്ഷേ ഒരു ജനപ്രതിനിധി, അതാരായാലും ഏത് സാഹചര്യമായാലും സത്യപ്രതിജ്ഞ ചെയ്യണം എന്നുള്ളത് ജനങ്ങളുടെ അവകാശമായത് കൊണ്ട്മാത്രമാണ് കോടതി സുഗതന് ഇന്ന് അനുമതി നൽകിയത്. ഇല്ലെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു എന്നാണ് തന്റെ വിശ്വാസം. സുഗതന്റെ അയോഗ്യതയുമായി ഈ കേസിന് ബന്ധമില്ല, അത് വരും ദിവസങ്ങളിൽ കൗൺസിൽ കൂടുമ്പോൾ നിയമപരമായി തന്നെ ചർച്ച ചെയ്യും.

എന്തായാലും ബിജെപി ഭരിക്കുന്ന നഗരസഭയിലെ ഒരു അംഗത്തിന് സ്വന്തം നഗരസഭയിലോ സ്വന്തം നാട്ടിലോ കാലുകുത്താൻ കഴിയാതെ 288 കിലോമീറ്റർ ദൂരെ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുന്നത് നാണക്കേടാണ്, ഭരണസമതിക്ക് അപമാനമാണെന്നും ശബരീനാഥൻ പറഞ്ഞു. ആർ സുഗതന് നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞക്ക് സൗകര്യമൊരുക്കാനാണ് കോടതി നിർദേശം നൽകിയത്. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത്കോടതിയുടെ കടമയെന്ന് ഉത്തരവിൽ പറയുന്നു. ജനാധിപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണമെന്ന് ഹൈക്കോടതി പറഞ്ഞു.
