എക്സാലോജിക് കേസിൽ പിണറായി വിജയൻ, ടി വീണ അടക്കമുള്ളവർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

എക്സാലോജിക് കേസിൽ പിണറായി വിജയൻ, ടി വീണ അടക്കമുള്ളവർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

  • സിഎംആർഎൽ മാസപ്പടി കേസിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് വിധി റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം

കൊച്ചി:എക്സാലോജിക് കേസിൽ പിണറായി വിജയൻ, ടി വീണ അടക്കമുള്ളവർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സിഎംആർഎൽ മാസപ്പടി കേസിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് വിധി റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പിണറായി വിജയൻ അടക്കമുള്ളവർക്ക് അപ്പീൽ നൽകാൻ ഡിവിഷൻ ബെഞ്ച് അനുമതി നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉച്ചയ്ക്ക് 1. 45 ന് പരിഗണിക്കും. ഇ ഡി റിപ്പോർട്ടിൽ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് തെറ്റാണ് എന്ന വാദം ചൂണ്ടിക്കാട്ടിയാണ് പിണറായിയുടെ അപ്പീൽ.ഹൈക്കോടതിയിൽ നാല് മുതിർന്ന അഭിഭാഷകരാണ് അപ്പീലുകളിൽ ഹാജരാകുന്നത്. പിണറായി വിജയന് വേണ്ടി മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണണ കുറുപ്പ് ഹാജരാകും. ടി വീണയ്ക്ക് വേണ്ടി മുൻ ഡിജിപി ടി എ ഷാജിയും, ഭർത്താവും മുൻമന്ത്രിയുമായ പി എ മുഹമ്മദ് റിയാസിനു വേണ്ടി എസ് ശ്രീകുമാറും ഹാജരാകും. ഹവാല കള്ളപ്പണ ഇടപാടു കേസിൽ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് വേണ്ടി അഡ്വ. ബി രാമൻപിള്ളയും ഹാജരാകും.സിഎംആർഎൽ-എക്സാലോജിക് കേസിൽ രണ്ട് എഫ്ഐആറുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്.

അഴിമതി നിരോധന പ്രകാരം ആദ്യ കേസും ഹവാല കള്ളപ്പണ ഇടപാടിൽ രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തു. വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് -1 ആണ് രണ്ട് എഫ്ഐറുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യ കേസിൽ പിണറായി വിജയനാണ് ഒന്നാം പ്രതി. രണ്ടു കേസുകളിലും പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ ടി വീണ പ്രതിയാണ്.കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് വീണയുടെ ഭർത്താവും മുൻമന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് പ്രതിയായിട്ടുള്ളത്. കേസിൽ ഒന്നാം പ്രതിയാണ് മുഹമ്മദ് റിയാസ്. ആദ്യ കേസിൽ ഏഴു പ്രതികളും, രണ്ടാമത്തെ കേസിൽ 8 പ്രതികളുമാണുള്ളത്. ഇ.ഡിയുടെ റിപ്പോർട്ടിന്മേൽ വിജിലൻസ് കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസെടുത്തത്. സിഎംആർഎൽ കമ്പനിയിൽനിന്ന് 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും വീണയ്ക്ക് 20 കോടിയോളം രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകൾ നടന്നെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പൊലീസിന് ഇ ഡി വിവരങ്ങൾ നൽകിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )