
കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം- എറണാകുളം റൂട്ടിൽ ഈ മാസം 20 മുതൽ ഓടിത്തുടങ്ങും
- കെഎസ്ആർടിസിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസാണ് തിരുവനന്തപുരം- എറണാകുളം റൂട്ടിൽ ഓടാൻ ആരംഭിക്കുന്നത്.
തിരുവനന്തപുരം:വിമാനത്തിനുള്ളിലേതിനു സമാനമായ സൗകര്യങ്ങളുമായി ശ്രദ്ധ നേടിയ കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം- എറണാകുളം റൂട്ടിൽ ഈ മാസം 20 മുതൽ ഓടിത്തുടങ്ങും. കെഎസ്ആർടിസിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസാണ് തിരുവനന്തപുരം- എറണാകുളം റൂട്ടിൽ ഓടാൻ ആരംഭിക്കുന്നത്. ഇതിനൊപ്പം വാങ്ങിയ മറ്റൊരു ബസ് ആലപ്പുഴ-ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങിയിട്ടുണ്ട്.671 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്ത് നിന്നും രാവിലെ 5.30ന് പുറപ്പെടുന്ന ബസ് 9.45ന് എറണാകുളത്ത് എത്തും. 4.15 മണിക്കൂറാണ് യാത്രാസമയം. 31 സീറ്റുകളാണുള്ളത്. കൊല്ലം, ആലപ്പുഴ, തോപ്പുംപടി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. എറണാകുളത്ത് നിന്നും വൈകീട്ട് 5.30ന് തിരികെ പുറപ്പെടും. രാത്രി 9.45ന് തലസ്ഥാനത്ത് എത്തും. 31 സീറ്റുകളാണ് ബസിലുള്ളത്.വന്ദേഭാരത് എക്സ് പ്രസിന് പിന്നാലെയാണ് ഇരു സർവീസുകളുടെയും സമയം ക്രമീകരിച്ചിട്ടുള്ളത്. സ്വിഫ്റ്റ് ജീവനക്കാരെയാണ് നിയോഗിക്കുക. ശനി, ഞായർ ദിവസങ്ങളിൽ ബസ് ഗുരുവായൂരിലേക്ക് നീട്ടുന്ന കാര്യവും പരിഗണനയിലുണ്ട്.

ഓരോ യാത്രക്കാർക്കും പ്രത്യേക ഡിജിറ്റൽ ഡിസ്പ്ലേ സൗകര്യങ്ങളും മൊബൈൽ ഫോൺ ചാർജിങ് പോയിന്റുകളുമുണ്ട്. ടോയ്ലറ്റ് സൗകര്യവുമുണ്ട്. സെമി സ്ലീപ്പർ സീറ്റുകളും ഭക്ഷണ വിതരണത്തിന് പാൻട്രിയുമുണ്ട്. എയർ ഹോസ്റ്റസ് മാതൃകയിൽ ബസ് ഹോസ്റ്റസുമുണ്ടാകും.
