
ഓണാഘോഷ പരിപാടികൾക്കായി കോഴിക്കോട് ബീച്ചിൽ നിന്ന് ഓണച്ചന്ത മാറ്റിയതിൽ വിവാദം
- ഓണച്ചന്തയ്ക്ക് നേതൃത്വം നൽകേണ്ട ജില്ലാ കളക്ടർ ചന്ത പൊളിക്കാൻ ഉത്തരവിട്ടുവെന്നും ഓണച്ചന്ത ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ ഏൽപ്പിച്ചുവെന്നും സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ആരോപിച്ചു.
കോഴിക്കോട്: ഓണാഘോഷ പരിപാടികൾക്കായി കോഴിക്കോട് ബീച്ചിൽ നിന്ന് ഓണച്ചന്ത മാറ്റിയതിൽ വിവാദം. ഓണച്ചന്തയ്ക്ക് നേതൃത്വം നൽകേണ്ട ജില്ലാ കളക്ടർ ചന്ത പൊളിക്കാൻ ഉത്തരവിട്ടുവെന്നും ഓണച്ചന്ത ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ ഏൽപ്പിച്ചുവെന്നും സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ആരോപിച്ചു. ഈ മാസം ഒമ്പതിനാണ് കോഴിക്കോട് ബീച്ചിൽ സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയർ ആരംഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും അധികം വിറ്റു വരവ് ഉണ്ടായിരുന്ന ഓണച്ചന്ത പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ സപ്ലൈകോ പീപ്പിൾസ് ബസാറിലേക്കാണ് മാറ്റിയത്. 25 വരെ ബീച്ചിൽ നിലനിർത്തേണ്ടിയിരുന്ന വൻ തുക മുടക്കി നിർമ്മിച്ച കെട്ടിടമാണ് മാറ്റിയത്.

ഇതുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്.ഓണച്ചന്തയുടെ സ്ഥലം മാറ്റിയത് ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും വിഷയത്തിൽ ജില്ലയിലെ എംഎൽഎമാർക്കും ഉത്തരവാദിത്തമുണ്ടെന്നും സിപിഐ ജില്ലാ സെക്രട്ടറി പി. ഗവാസ് ആരോപിച്ചു. തിങ്കളാഴ്ച നടക്കുന്ന ഓണാഘോഷ പരിപാടികൾക്കായാണ് ബീച്ചിലെ ഓണച്ചന്ത മാറ്റി സ്ഥാപിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയത്.
