
ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ റിട്ട. ബാങ്ക് മാനേജരില്‍നിന്ന് പണം തട്ടിയ പ്രതി പിടിയിൽ
- സൗത്ത് ബീച്ച് പാംബീച്ച് അപ്പാർട്ട്മെന്റിൽ വിമൽ പ്രതാപ്റായ് റാഡിയ(47)യാണ് അറസ്റ്റിലായത്
കോഴിക്കോട്: ഓൺലൈൻവഴി 65 ലക്ഷംരൂപ തട്ടിയകേസിൽ പണമിടപാടുകാരൻ പിടിയിൽ. സൗത്ത് ബീച്ച് പാംബീച്ച് അപ്പാർട്ട്മെന്റിൽ വിമൽ പ്രതാപ്റായ് റാഡിയ(47)യാണ് അറസ്റ്റിലായത്. കോഴിക്കോട് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകേസിലാണ് ഇയാൾ അറസ്റ്റിലായത്.
കോഴിക്കോട് സ്വദേശിയെ ഫോൺ, ഇ-മെയിൽ, വെബ്സൈറ്റ് എന്നിവ വഴി ബന്ധപ്പെട്ട് ഓൺലൈൻവഴി വിദേശ നാണയവ്യാപാരം നടത്തി ലാഭമുണ്ടാക്കിത്തരാമെന്നുപറഞ്ഞ് 65,22,800 രൂപ തട്ടിയെടുക്കുകയായിരുന്നു.
ഇയാളിൽനിന്ന് 12.5 ലക്ഷംരൂപ പോലീസ് കണ്ടെടുത്തു. റിട്ട. ബാങ്ക് മാനേജരായ പരാതിക്കാരനെ ഓൺലൈൻ ട്രേഡിങ്ങിന്റെപേരിൽ സോഷ്യൽമീഡിയ വഴി ബന്ധപ്പെട്ട് പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിച്ച് കബളിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പരാതിക്കാരൻ 12,40,000 രൂപ രണ്ടുതവണകളായി വിമലിന് നേരിട്ടുകൈമാറി. ഫോൺ കോളുകളും ഇ-മെയിലും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.