കനത്ത മഴയെത്തുടർന്ന് കർണാടക സക്ലേശ്പുരിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു

കനത്ത മഴയെത്തുടർന്ന് കർണാടക സക്ലേശ്പുരിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു

മംഗളൂരുവിനും യശ്വന്ത്പുരയ്ക്കും ഇടയിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. ഇതുവഴിയുള്ള ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി.

ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് കർണാടക സക്ലേശ്പുരിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു. യെഡകുമാരിക്കും ശിരിവാഗിലുവിനും ഇടയിലാണ് സംഭവം. ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതോടെ മംഗളൂരുവിനും യശ്വന്ത്പുരയ്ക്കും ഇടയിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. ഇതുവഴിയുള്ള ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ പാതിയിൽ യാത്ര അവസാനിപ്പിച്ചു. കനത്ത മഴയ്ക്കിടെ ശനിയാഴ്‌ച രാത്രി 8.45-ഓടെയാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്. സംഭവത്തിന് പിന്നാലെ റെയിൽവേയുടെ റിലീഫ് ട്രെയിൻ അപകടസ്ഥലത്ത് എത്തിച്ചേർന്നതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.ട്രാക്കിൽനിന്ന് മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചതായും ഇതിനായി ഉദ്യോഗസ്ഥരടക്കം സ്ഥലത്തുണ്ടെന്നും റെയിൽവേ വ്യക്തമാക്കി. അതേസമയം, പ്രദേശത്ത് കനത്ത മഴ തുടരുന്നതും വീണ്ടും മണ്ണിടിച്ചിലുണ്ടാകുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

അതിനാൽ തന്നെ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ കൂടുതൽ സമയമെടുത്തേക്കും. ട്രെയിൻ ഗതാഗതം തടസപ്പെട്ടതോടെ ഹാസൻ, സുബ്രഹ്മണ്യ റോഡ്, ശിരിവാഗിലു, ബണ്ട്വാൾ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും റെയിൽവേ അറിയിച്ചു. അപകടത്തെത്തുടർന്ന് എസ്എംവിടി ബെംഗളൂരു-മുരുഡേശ്വർ എക്സ്പ്രസ്സ് ശനിയാഴ്ച രാത്രി ഹാസനിൽ യാത്ര അവസാനിപ്പിച്ചു. കെഎസ്ആർ ബെംഗളൂരു-കോഴിക്കോട് എക്സ‌്പ്രസും വിജയപുര-മംഗളൂരൂ സെൻട്രൽ എക്സ്പ്രസും ഹാസനിൽ സർവീസ് അവസാനിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )