
കാഫിർ സ്ക്രീൻഷോട്ട് കേസിൽ രണ്ടാം പ്രതിയായ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
- കേസിൽ റിബേഷിന് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു
കണ്ണൂർ : വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ രണ്ടാം പ്രതിയായ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. വെള്ളിയാഴ്ച്ച ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് എസ്ഐടി നോട്ടീസ് നൽകിയത്. കേസിൽ റിബേഷിന് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ജിതിൻ ഭാസ്കർ സ്ക്രീൻ ഷോട്ട് ആദ്യം അയച്ച് നൽകിയത് റിബേഷിനാണെന്നും, സ്ക്രീൻഷോട്ട് റെഡ് എൻകൌണ്ടർ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതത് റിബേഷാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ ദിവസങ്ങൾക്ക് മുമ്പ് റിബേഷിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.അറസ്റ്റ സാധ്യത മുന്നിൽ കണ്ടാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചത്. കേസിൽ പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് രാമകൃഷ്ണൻ കോടതിയെ സമീപിച്ചത്.

വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതിയായ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളിയിരുന്നു. പ്രത്യേക അന്വേഷണ സംഘം നൽകിയ ഹർജി വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. പ്രതി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ചായിരുന്നു ഹർജി. ജിതിന് ജാമ്യം ലഭിച്ച ശേഷം വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ പരിപാടികളിലെ അക്രമസംഭവങ്ങളും പൊലീസിനും സർക്കാരിനുമെതിരെയുള്ള വെല്ലുവിളികളും പ്രകോപന മുദ്യാവാക്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.
