കെഎസ്ആർടിസിക്ക് ഇരുട്ടടി: വാഹനനികുതി ഇളവ് പിൻവലിച്ച് ഗതാഗതവകുപ്പ്; വർഷം 5.5 കോടി രൂപയുടെ അധികബാധ്യത

കെഎസ്ആർടിസിക്ക് ഇരുട്ടടി: വാഹനനികുതി ഇളവ് പിൻവലിച്ച് ഗതാഗതവകുപ്പ്; വർഷം 5.5 കോടി രൂപയുടെ അധികബാധ്യത

  • നികുതി ഇളവ് പിൻവലിച്ചതോടെ ഇനി മുതൽ പ്രതിമാസം 47 ലക്ഷം രൂപ നികുതി ഇനത്തിൽ കെഎസ്ആർടിസി സർക്കാറിലേക്ക് അടയ്ക്കേണ്ടി വരും.

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് ഇരുട്ടടിയായി സംസ്ഥാന സർക്കാറിൻ്റെ പുതിയ തീരുമാനം. കോർപ്പറേഷന് ഇതുവരെ നൽകിവന്നിരുന്ന വാഹനനികുതി ഇളവ് ഗതാഗതവകുപ്പ് പുതുക്കി നൽകിയില്ല. നികുതി ഇളവ് പിൻവലിച്ചതോടെ ഇനി മുതൽ പ്രതിമാസം 47 ലക്ഷം രൂപ നികുതി ഇനത്തിൽ കെഎസ്ആർടിസി സർക്കാറിലേക്ക് അടയ്ക്കേണ്ടി വരും. ഇതുസംബന്ധിച്ച ഗതാഗത വകുപ്പിന്റെ ഉത്തരവിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.മുൻ സർക്കാർ 2021 ഏപ്രിലിൽ കെഎസ്ആർടിസി വാഹനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് നൽകിയിരുന്ന നികുതി ഇളവിന്റെ കാലാവധി ഈ വർഷം ഏപ്രിലിൽ അവസാനിച്ചിരുന്നു. എന്നാൽ ഇളവ് തുടർന്നും അനുവദിക്കണമെന്ന കെഎസ്ആർടിസി സിഎംഡിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് ഗതാഗതവകുപ്പ് പുതിയ ഉത്തരവിറക്കിയത്.

2018 നവംബറിന് മുമ്പ് നിലനിന്നിരുന്ന അതേ രീതിയിൽ കെഎസ്ആർടിസി, അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, കെഎസ്ആർടിസി സ്വിഫ്റ്റ് എന്നിവയുടെ എല്ലാ വാഹനങ്ങൾക്കും ഇനി മുതൽ നികുതി ഈടാക്കും.പ്രതിമാസം 47 ലക്ഷം രൂപ വീതം നികുതിഅടക്കുന്നതിലൂടെ വർഷം അഞ്ചര കോടിരൂപയുടെ അധിക ബാധ്യതയാണ്കെഎസ്ആർടിസിക്ക് ഉണ്ടാകുന്നത്.പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ളവ മൂലമുള്ള വരുമാന ഇടിവും ചെലവ് വർധനയും കാരണം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന കോർപ്പറേഷന് സർക്കാരിൻ്റെ ഈ കടുംവെട്ട് വലിയ തിരിച്ചടിയാകും.കൃത്യമായി നികുതി അടച്ചാൽ മാത്രമേ വാഹനങ്ങളുടെ പെർമിറ്റ് പുതുക്കി നൽകുകയും സർവീസ് തുടരാൻ അനുവദിക്കുകയും ചെയ്യുകയുള്ളൂവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.പ്രതിമാസം ദശകോടികളുടെ നഷ്ടത്തിൽ ഓടുന്ന പൊതുമേഖലാ സ്ഥാപനത്തിന് പുതിയ തീരുമാനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകാൻ പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് കോർപ്പറേഷന് മേൽ അധിക സാമ്പത്തിക ബാധ്യത വന്നുചേർന്നിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )