
കെപിസിസി പ്രസിഡന്റിനെ ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ഷാഫി പറമ്പിൽ എംപി
- ഹൈക്കമാൻഡ് തീരുമാനിക്കുന്നതിന് അപ്പുറത്തേക്ക് അഭിപ്രായം പറയാൻ താൻ ആളല്ലെന്നും തന്റെ വ്യക്തിപരമായപ്രതീക്ഷയോ അനിഷ്ടമോ ഇതിൽ വ്യക്തമാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു
കോഴിക്കോട്: കെപിസിസി പ്രസിഡന്റിനെ ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ഷാഫി പറമ്പിൽ എംപി. കൃത്യമായ സമയത്ത് കൃത്യമായ തീരുമാനമെടുക്കും. നിലവിൽ അധ്യക്ഷ സ്ഥാനത്തേക്ക് ആരുടേയും പേര് ഉയർന്ന് വന്നിട്ടില്ല. വിഷയത്തിൽ പ്രചാരണം നടത്തേണ്ടത് മാധ്യമങ്ങളല്ല. ഹൈക്കമാൻഡ് തീരുമാനിക്കുന്നതിന് അപ്പുറത്തേക്ക് അഭിപ്രായം പറയാൻ താൻ ആളല്ലെന്നും തന്റെ വ്യക്തിപരമായപ്രതീക്ഷയോ അനിഷ്ടമോ ഇതിൽ വ്യക്തമാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെതിരെയുള്ള പോലീസ് നടപടിയെ ഷാഫി പറമ്പിൽ ന്യായീകരിച്ചു.

എഫ്ഐആർ ഇട്ട കേസിൽ റെയ്‌ഡ് നടത്തിയത് കൊണ്ട് എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം ചോദിച്ചു. വിവിധ തട്ടിപ്പുകളിൽ നിന്ന് അഭയം തേടാനാണ് ആന്റോ അഗസ്റ്റിൻ മാധ്യമ ഉടമയായത്. പണം കൊണ്ട് വാങ്ങാനുള്ള ഒന്നല്ല മാധ്യമ പ്രവർത്തനം.തന്റെ തട്ടിപ്പുകൾ കാരണം പോലീസിന്റെയും റെയ്ഡിന്റെയും മുന്നിൽ നിൽക്കേണ്ടി വരുമെന്ന് അറിയാവുന്നത് കൊണ്ടാണ് അതിനെ പ്രതിരോധിക്കാൻ ആന്റോ മാധ്യമ രംഗത്തേക്ക് കടന്നത്. ഇവിടെ മാധ്യമ പ്രവർത്തനത്തിന് നേരെയല്ല കടന്നുകയറ്റം ഉണ്ടായത് മറിച്ച് തട്ടിപ്പുകാർക്കെതിരെയാണ്. അതിനാൽ ആന്റോ അഗസ്റ്റിൻ മാധ്യമപ്രവർത്തകനെന്ന ലേബലിലേക്ക് മാറിയതിലും അവിടെ റെയ്‌ഡ് നടന്നതിലും വലിയ തെറ്റോ അപകടമോ ഇല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
