
കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങളുടെ കാര്യത്തിൽ നിർണായക യോഗം ചേരും
- വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓൺലൈനിലാണ് യോഗം ചേരുക
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ച് ആക്കുന്നത് സംബന്ധിച്ച് വീണ്ടും സർവ്വീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓൺലൈനിലാണ് യോഗം ചേരുക. ഇപ്പോൾ ചേരുന്നത് നേരത്തെ മാറ്റിവച്ച യോഗമാണ്. ഓരോ സംഘടനയിൽ നിന്നും ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം.

നേരത്തെ ബാങ്കുകളുടെ പ്രവൃത്തി ദിവസം അഞ്ച് ദിവസമാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ സമരം ചെയ്തിരുന്നു. സംസ്ഥാന സർക്കാർ ജീവനക്കാരും കാലങ്ങളായി ഇതേ ആവശ്യം ഉന്നയിക്കുകയാണ്. പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ച് ആക്കണമെന്ന് ഭരണ പരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും ശുപാർശ ചെയ്തിരുന്നു. പകരം ഒരു മണിക്കൂർ ജോലി സമയം കൂട്ടണമെന്നാണ് നിർദേശം. ഒരു മണിക്കൂർ ജോലികൂട്ടുന്നതിനെ സർവീസ് സംഘടനകൾ എതിർക്കുന്നില്ല. എന്നാൽ പൊതു അവധി ദിവസങ്ങൾ കുറയ്ക്കണമെന്ന നിർദേശത്തെ ശക്തമായി എതിർക്കുകയാണ്.
