
കൊയിലാണ്ടി സ്റ്റേഡിയം പാർക്കിംഗ് ഗ്രൗണ്ടാക്കാനുള്ള നീക്കം പ്രതിഷേധാർഹം
- കായികമേഖലയെ തകർക്കരുതെന്ന് കായികപ്രേമികൾ
കൊയിലാണ്ടി: നഗരത്തിലെ രൂക്ഷമായ വാഹനത്തിരക്കിന് പരിഹാരമായി കൊയിലാണ്ടി സ്റ്റേഡിയം പാർക്കിംഗ് ഗ്രൗണ്ടാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ കായികപ്രേമികൾ രംഗത്ത്. മുൻകാലങ്ങളിൽ പലതവണ സ്റ്റേഡിയം പാർക്കിംഗിനായി ഉപയോഗിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഓണസമയത്തടക്കം കായികപ്രേമികളുടെയും വിദ്യാർത്ഥികളുടെയും ശക്തമായ എതിർപ്പിനെത്തുടർന്ന് ഇത്തരം നീക്കങ്ങൾ ഉപേക്ഷിക്കുകയായിരുന്നു.
വർഷങ്ങളായി ആവശ്യമായ അറ്റകുറ്റപ്പണികളോ പരിപാലന പ്രവർത്തനങ്ങളോ നടത്താത്തതിനാൽ സ്റ്റേഡിയം അനുദിനം നാശത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടയിൽ വാഹനങ്ങൾ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കുന്നത് സ്റ്റേഡിയത്തിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടുമെന്നാണ് കായികപ്രേമികളുടെ ആശങ്ക. വെള്ളം കെട്ടിനിൽക്കുന്ന ഭാഗങ്ങളിലൂടെ വാഹനങ്ങൾ കടന്നുപോയാൽ മണ്ണ് താഴ്ന്ന് കുഴികൾ രൂപപ്പെടാനും കളിസ്ഥലം ഉപയോഗശൂന്യമാകാനും സാധ്യതയുണ്ട്. ഇത് സ്റ്റേഡിയത്തിന്റെ നിലവിലെ അവസ്ഥയെ കൂടുതൽ ദുരിതത്തിലാക്കും.
വരും ദിവസങ്ങളിൽ നിരവധി സ്കൂളുകൾ കായികപരിശീലനത്തിനും മത്സരങ്ങൾക്കുമായി സ്റ്റേഡിയം ബുക്ക് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗ്രൗണ്ട് പാർക്കിംഗിനായി ഉപയോഗിക്കുന്നത് വിദ്യാർത്ഥികളുടെ കായികപരിശീലനത്തെയും മത്സരങ്ങളുടെ നടത്തിപ്പിനെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണേണ്ടത് അനിവാര്യമാണെങ്കിലും അതിന്റെ പേരിൽ നിലവിലുള്ള കായികമൈതാനത്തെ നശിപ്പിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് കായികപ്രേമികൾ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളായി അവഗണന നേരിടുന്ന സ്റ്റേഡിയത്തെ സംരക്ഷിക്കാനും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി കായികാവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താനുമാണ് അധികൃതർ മുൻഗണന നൽകേണ്ടത്.
സ്റ്റേഡിയത്തെ പാർക്കിംഗ് ഗ്രൗണ്ടാക്കി മാറ്റാനുള്ള നീക്കം കായികമേഖലയോടുള്ള അവഗണനയാണെന്നും ഗ്രൗണ്ടിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിന് പകരം അതിന്റെ നാശത്തിന് വഴിയൊരുക്കുന്ന ഇത്തരം നടപടികൾ അത്യന്തം പ്രതിഷേധാർഹവും വേദനാജനകവുമാണെന്നും കായികപ്രേമികൾ അഭിപ്രായപ്പെട്ടു. നഗരത്തിലെ ഗതാഗതപ്രശ്നത്തിന് സ്റ്റേഡിയത്തെ നശിപ്പിക്കാത്ത ബദൽ സംവിധാനങ്ങൾ കണ്ടെത്തണമെന്നും അവർ ആവശ്യപ്പെട്ടു.
