
കോഴിക്കോട് ബീച്ച് ഭക്ഷണത്തെരുവ്; കടകളുടെ മാതൃക തയ്യാർ
- കോർപറേഷൻ ഓഫിസിലെത്തിച്ച കട തൊഴിലാളികളെത്തി പരിശോധിച്ചു
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കൊർപറേഷൻ്റെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന ഭക്ഷണത്തെരുവിൽ സ്ഥാപിക്കാനുള്ള പെട്ടിക്കടകളുടെ മാതൃക തയ്യാറായി. കോർപറേഷൻ ഓഫിസിലെത്തിച്ച കട തൊഴിലാളികളെത്തി പരിശോധിച്ചു. ആവശ്യമായ ഭേദഗതിയും കച്ചവടക്കാരുടെ അഭിപ്രായവും അറിയാനാണ് ഇരുമ്പിൽ തീർത്ത കട എത്തിച്ചതെന്ന് കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു. അടുത്ത ആഴ്‌ച നടക്കുന്ന യൂനിയൻ പ്രതിനിധികളടക്കം പങ്കെടുക്കുന്ന യോഗത്തിൽ മാറ്റങ്ങൾ ചർച്ച ചെയ്യും.
കരാറുകാരുടെ നിർദേശ പ്രകാരം സർക്കാർ ഉടമ സ്ഥതയിലുള്ള ഷൊർണൂരിലെ മെറ്റൽ ഇൻഡസ്ട്രീസ് ആണ് കടയുടെ മാതൃക നിർമിച്ചത്. നവംബർ ആദ്യം ബീച്ചിൽ തെരുവ് ഭക്ഷണ കേന്ദ്രംയാഥാർഥ്യമാക്കാനാണ് ശ്രമം. നേരത്തെ, 2024 മേയ് 31നകം പൂർത്തീകരിക്കുന്ന രീതിയിലായിരുന്നു പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. 28 സ്ക്വയർ ഫീറ്റാണ് ഒരു കടയുടെ വിസ്തീർണം.