
ഖത്തർ കെ.എം.സി.സിയിൽ നിന്നും എട്ടുകോടിയിലേറെ രൂപ കവർന്നെന്ന കേസിൽ കൊയിലാണ്ടി സ്വദേശി കീഴടങ്ങി
- നെല്ല്യാടി സ്വദേശി പരപ്പിൻകുനിയിൽ ബാലകൃഷ്ണനാണ് കവർച്ച കേസിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
കൊയിലാണ്ടി: ഖത്തർ കെ.എം.സി.സിയിൽ നിന്നും എട്ടുകോടിയിലേറെ രൂപ കവർന്നെന്ന കേസിൽ കീഴടങ്ങിയത് . നെല്ല്യാടി സ്വദേശി പരപ്പിൻകുനിയിൽ ബാലകൃഷ്ണനാണ് കവർച്ച കേസിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.ഇന്റസ്ട്രിയൽ വർക്കറായ ബാലകൃഷ്ണൻ കഴിഞ്ഞവർഷമാണ് ഖത്തറിലേക്ക് പോയത്. ഇതിന് പിന്നാലെയായിരുന്നു കെ.എം.സി.സി ഓഫീസിൽ കവർച്ച നടന്നത്. ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുനൽകിയത് ഇയാളായിരുന്നു.

2025 സെപ്റ്റംബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഖത്തറിലെ അൽ തുമാമ എന്ന സ്ഥലത്തെ കെ.എം.സി.സിയുടെ ഓഫീസിലെ സ്ട്രോങ് റൂമിൻ്റെ പൂട്ട് ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്തായിരുന്നു പണം കവർന്നത്. 31ലക്ഷം റിയാൽ അതായത് എട്ട് കോടി ആറ് ലക്ഷത്തോളം ഇന്ത്യൻ രൂപയാണ് കവർച്ച ചെയ്തത്.കേസിൽ ആറ് പ്രതികളാണുള്ളത്. ഇതിൽ ബാലകൃഷ്ണൻ ഇന്നലെയാണ് കീഴടങ്ങിയത്. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പ്രതി ഇപ്പോൾ കൊയിലാണ്ടി സബ് ജയിലിലാണ്.
കേസിൽ ഇനി അഞ്ച് പ്രതികളെക്കൂടി പിടികൂടാനുണ്ട്. കൊയിലാണ്ടി സ്വദേശിയായ ബോംബെ ഷാജി, പയ്യോളി സ്വദേശി റാഷി, ബാവ എന്ന സാലിഹ്, മമ്മളി എന്ന ഹസൻ, നിസാർ എന്നിവർക്കുവേണ്ടി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
