
ട്രെയിനുകളിൽ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്നവരെയും ട്രെയിനുകളിൽ നിന്ന് പുറത്താക്കാൻ റെയിൽവേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി
- ട്രെയിനുകളിലോ റെയിൽവേ വളപ്പിലോ മദ്യപിച്ച് ലഹരിയിലാകുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനും അവരെ പുറത്താക്കാനുമുള്ള റെയിൽവേയുടെ അധികാരം ഹൈക്കോടതി ശരിവെച്ചു.
കൊച്ചി: ട്രെയിനുകളിൽ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്നവരെയും ട്രെയിനുകളിൽ നിന്ന് പുറത്താക്കാൻ റെയിൽവേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി.
ട്രെയിനുകളിലോ റെയിൽവേ വളപ്പിലോ മദ്യപിച്ച് ലഹരിയിലാകുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനും അവരെ പുറത്താക്കാനുമുള്ള റെയിൽവേയുടെ അധികാരം ഹൈക്കോടതി ശരിവെച്ചു. ഇതിനായുള്ള നിയമത്തിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രസ്തുത വകുപ്പിന്റെ പ്രവർത്തനം തടയണമെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ബെഞ്ച് തള്ളി.

പൊതുജന സുരക്ഷയും മറ്റു യാത്രക്കാരുടെ സ്വസ്ഥതയും ഉറപ്പാക്കാൻ റെയിൽവേയ്ക്ക് ഇത്തരമൊരു അധികാരം അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. നിയമം നടപ്പിലാക്കുന്നതിലെ അപകതകൾ ചൂണ്ടിക്കാട്ടി നിയമം തന്നെ റദ്ദാക്കാനാകില്ലെന്നും, എന്തെങ്കിലും തരത്തിലുള്ള നീതികേട് വ്യക്തികൾക്ക് നേരിട്ടാൽ അവർക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
