നടേരിക്കടവ് പാലം നിർമ്മാണം അതിവേഗത്തിൽ

നടേരിക്കടവ് പാലം നിർമ്മാണം അതിവേഗത്തിൽ

  • കൊയിലാണ്ടി–പേരാമ്പ്ര യാത്ര കൂടുതൽ എളുപ്പമാകും; അനുബന്ധ റോഡ് ഉടൻ നവീകരിക്കണമെന്ന് നാട്ടുകാർ

കൊയിലാണ്ടി: കൊയിലാണ്ടി–പേരാമ്പ്ര നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന നിർണായക പദ്ധതിയായ നടേരിക്കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പാലം യാഥാർഥ്യമാകുന്നതോടെ പേരാമ്പ്ര ഭാഗത്തുനിന്ന് കൊയിലാണ്ടിയിലേക്കും തിരിച്ചും യാത്ര കൂടുതൽ എളുപ്പമാകുന്നതിനൊപ്പം കീഴരിയൂർ പഞ്ചായത്തിലേക്കുള്ള ഗതാഗത ബന്ധവും ശക്തമാകും.

കൊയിലാണ്ടി ഭാഗത്തുനിന്ന് പെരുവട്ടൂർ–നടേരിക്കടവ് വഴി വിയ്യൂർ റോഡുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പാലവും അനുബന്ധ റോഡും ഒരുക്കുന്നത്. ഏഴ് സ്പാനുകളോടുകൂടിയ പാലത്തിന് 24.87 കോടി രൂപയാണ് നിർമ്മാണ ചെലവ്. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 212.5 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. കൊയിലാണ്ടി ഭാഗത്ത് 450 മീറ്ററും കീഴരിയൂർ ഭാഗത്ത് 20 മീറ്ററും നീളത്തിൽ സമീപ റോഡും പദ്ധതിയുടെ ഭാഗമായി ഒരുക്കും. പാലത്തിന്റെ മധ്യഭാഗത്തിന് 50 മീറ്റർ നീളമുണ്ടാകും.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. പാലം പൂർത്തിയാകുന്നതോടെ കൊയിലാണ്ടി, കീഴരിയൂർ, പേരാമ്പ്ര മേഖലകളിലെ യാത്രക്കാർക്ക് കൂടുതൽ സുഗമമായ ഗതാഗത സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുമ്പോഴും നിലവിൽ തകർന്നുകിടക്കുന്ന വിയ്യൂർ–നടേരിക്കടവ് റോഡിന്റെ നവീകരണം അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. പെരുവട്ടൂർ മുതൽ സ്റ്റീൽ ടെക് വരെയുള്ള ഭാഗത്ത് റീടാറിങ് നടത്തിയിട്ടുണ്ടെങ്കിലും റോഡിന്റെ മറ്റു ഭാഗങ്ങളുടെ ശോച്യാവസ്ഥ യാത്രക്കാർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.

റോഡിന്റെ മോശം അവസ്ഥയെ തുടർന്ന് ഈ മേഖലയിലെ ബസ് സർവീസ് പോലും നിലച്ചിരിക്കുകയാണ്. വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടെ നിരവധി യാത്രക്കാർ ദിവസേന ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാലം യാഥാർഥ്യമാകുന്നതോടെ പ്രദേശത്തിന്റെ ഗതാഗത സാധ്യതകൾ വലിയ തോതിൽ വർധിക്കുമെന്നതിനാൽ അനുബന്ധ റോഡുകളുടെ നിർമ്മാണവും നവീകരണവും സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പാലവും അനുബന്ധ റോഡുകളും പൂർണമായും യാഥാർഥ്യമാകുന്നതോടെ കൊയിലാണ്ടി–പേരാമ്പ്ര മേഖലകൾ തമ്മിലുള്ള യാത്രാസമയം കുറയുന്നതിനൊപ്പം പ്രദേശത്തിന്റെ വാണിജ്യ, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലും പുതിയ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ.ശ്രീലാൽ പെരുവട്ടൂർ

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )