നാലാമത് ഗുരു ചേമഞ്ചേരി പുരസ്കാരം മദ്ദള കലാകാരൻ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പിന്

നാലാമത് ഗുരു ചേമഞ്ചേരി പുരസ്കാരം മദ്ദള കലാകാരൻ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പിന്

സപ്തംബർ ആദ്യ വാരം നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

കഥകളി ഒരു സമ്പൂർണ്ണ കലാരൂപമാണ്.-നൃത്തവും നൃത്യവും നാട്യവും അതി വിദഗ്ദ്ധമായി സമന്വയിക്കപ്പെട്ട ഒരു കലാരൂപം. കഥകളി അരങ്ങിലെ ഏറ്റവും ജീവത്തായ ഘടകമാണ് പക്കമേളം. കഥകളിയുടെ ആരംഭ കാലം മുതൽ പ്രമുഖ വാദ്യം മദ്ദളം തന്നെ. ഉത്സവ വേളകളിൽ ക്ഷേത്രാങ്കണങ്ങളിൽ നാദ പ്രപഞ്ചം സൃഷ്ടിക്കുന്ന പഞ്ചവാദ്യ സദസ്സുകളിലും രാജാവ് മദ്ദളം തന്നെ.

മുപ്പതു കിലോയിലധികം ഭാരമുള്ളതും, സൂക്ഷ്മ പരിചരണം ആവശ്യമുള്ളതുമായ ഈ ചർമ്മ വാദ്യം പരിശീലിക്കുന്നതിനും പ്രയോഗിക്കുന്നതിനും അതി കഠിനമായ സാധന ആവശ്യമാണ്. അതു കൊണ്ട് ഈ രംഗത്ത് കലാകാരന്മാർ വളരെ വിരളം.
ഇക്കഴിഞ്ഞ അര നൂറ്റാണ്ട് കാലം കേരളത്തിനകത്തും പുറത്തും മദ്ദള വാദന രംഗത്തും, വിശിഷ്യ കഥകളി അരങ്ങുകളിലും നിസ്വാർത്ഥ സേവനമനുഷ്ഠിച്ച അപൂർവ്വ പ്രതിഭയാണ് കലാമണ്ഡലം ഉണ്ണിക്കൃഷ്ണ
ക്കുറുപ്പ്.

കേരള കലാമണ്ഡലത്തിൽ പ്രശസ്തരായ ഗുരുക്കന്മാരുടെ കീഴിൽ ദീർഘകാലം അഭ്യസനം നേടിയ ശേഷമാണ് അദ്ദേഹം കഥകളി അരങ്ങുകളിൽ പ്രവേശിച്ചത്. 1990 കളിൽ കുറുപ്പാശാൻ ചേലിയ കഥകളി വിദ്യാലയത്തിലെ കഥകളി സംഘത്തിൽ മദ്ദള വാദകനായി എത്തിച്ചേർന്നു.

സ്കൂൾ പാഠ്യ പദ്ധതിയെ അടിസ്ഥാനമാക്കി കഥകളി വിദ്യാലയം ആവിഷ്കരിച്ച് നടപ്പാക്കിയ മിഴിയും മൊഴിയും എന്ന രംഗാവതരണ പരിപാടിയിൽ കുറുപ്പാശാൻ മുഖ്യ പങ്കാളികളിലൊരാളായിരുന്നു. ഗുരു ചേമഞ്ചേരി സംവിധാനം ചെയ്ത – ധർമ്മ വിജയം, ഭാർഗ്ഗവ രാമം എന്നീ ആട്ടക്കഥകളുടെ പക്കമേള സംവിധാനത്തിൽ കുറുപ്പാശാന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

പ്രശസ്ത മദ്ദളവാദകൻ കോട്ടക്കൽ രവി, ഗുരുപൂജാ പുരസ്കാര ജേതാവ് ശിവദാസ് ചേമേഞ്ചേരി, കഥകളി ആസ്വാദകനും നിരൂപകനുമായ ഡോക്ടർ ഇ.ശ്രീജിത്ത് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. സപ്തംബർ ആദ്യ വാരം നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )