
നാല് പേർക്ക് പുതുജീവനേകി അർജുൻ യാത്രയായി
- കണ്ണൂർ സ്വദേശിയായ അർജുൻ ആണ് തന്റെ ഹൃദയവും കരളും രണ്ട് വൃക്കകളും ദാനം ചെയ്ത് നാല് പേരുടെ ജീവിതത്തിന് പുതിയ പ്രതീക്ഷ നൽകിയത്.
കണ്ണൂർ : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച ഇരുപത്തിരണ്ടുകാരൻ നാല് പേർക്ക് പുതുജീവനേകി യാത്രയായി. കണ്ണൂർ സ്വദേശിയായ അർജുൻ ആണ് തന്റെ ഹൃദയവും കരളും രണ്ട് വൃക്കകളും ദാനം ചെയ്ത് നാല് പേരുടെ ജീവിതത്തിന് പുതിയ പ്രതീക്ഷ നൽകിയത്.അപകടത്തിൽ ഗുരുതരമായ പരിക്കുകളോടെയാണ് അർജുനെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവൻ രക്ഷിക്കുന്നതിനായി ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും മെയ് 31-ന് വൈകുന്നേരത്തോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മകന്റെ്റെ വിയോഗത്തിന്റെ തീരാദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത ധീരമായ തീരുമാനമാണ് അവയവങ്ങൾ കാത്തുകഴിയുന്ന രോഗികൾക്ക് തുണയായത്.സംസ്ഥാന സർക്കാരിന്റെ അവയവദാന ഏജൻസിയായ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) വഴിയാണ് അവയവ കൈമാറ്റ പ്രക്രിയകൾ ഏകോപിപ്പിച്ചത്.

ആസ്റ്റർ സർജന്മാരുടെ നേതൃത്വത്തിൽ വിജയകരമായി അവയവങ്ങൾ മണിക്കൂറുകൾ നീണ്ടുനിന്ന സങ്കീർണ്ണമായ ശാസ്ത്രക്രിയയിലൂടെ അവയവദാനത്തിനായി എടുത്തത്. ആസ്റ്റർ ഹോസ്പിറ്റലിൽ നിന്നും മറ്റു ആശുപത്രിയിൽ നിന്നുമുള്ള വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽസംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. അർജുന്റെ ഹൃദയം എയർ ആംബുലൻസ് മുഖേന കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലുള്ള 48-കാരനായ മലപ്പുറം സ്വദേശിക്കായി എത്തിക്കുകയായിരുന്നു. വൃക്കകളിൽ ഒന്ന് കണ്ണൂർ ആസ്റ്റർ മിംസിലെ രോഗിക്കാണ് നൽകുക. രണ്ടാമത്തെ വൃക്ക കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്കും കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്.
