
മന്ത്രിസഭപുനസംഘടനയുമായി ബന്ധപ്പെട്ടുമുള്ള ചർച്ചകൾക്കായി മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും നാളെ ഡൽഹിയിലേക്ക്
- ജൂൺ മൂന്നിന് നിശ്ചയിച്ചിട്ടുള്ള ഡികെയുടെ സത്യപ്രതിജ്ഞ ചടങ്ങ് ലളിതമാക്കാൻ ഹൈക്കമാൻഡ് നിർദേശം നൽകി
ദില്ലി: മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും നാളെ വീണ്ടും ദില്ലിയിലെത്തും. ഉപമുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ടും മന്ത്രിസഭപുനസംഘടനയുമായി ബന്ധപ്പെട്ടുമുള്ള ചർച്ചകൾക്കായാണ് ഈ നേതാക്കൾ ദില്ലിയിലെത്തുന്നത്. ഇതിനിടെ ജൂൺ മൂന്നിന് നിശ്ചയിച്ചിട്ടുള്ള ഡികെയുടെ സത്യപ്രതിജ്ഞ ചടങ്ങ് ലളിതമാക്കാൻ ഹൈക്കമാൻഡ് നിർദേശം നൽകി. ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം സിദ്ധരാമയ്യ മുഖ്യമന്ത്രി പദവി ഒഴിയുകയും ഡി.കെ കോൺഗ്രപാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തെങ്കിലും ഉപമുഖ്യമന്ത്രിമാരുടെ കാര്യത്തിൽ ഇനിയും ധാരണയായിട്ടില്ല.

ആദ്യഘട്ടത്തിൽ 4 ഉപമുഖ്യമന്ത്രിമാർ വരെ ഹൈക്കമാൻഡ് ആലോചിച്ചിരുന്നുവെങ്കിലും ഇപ്പോൾ അതിൽ നിന്നും പിന്മാറിയ മട്ടാണ്. തൻ്റെ അടുത്ത അനുയായി പരമേശ്വരയ്ക്കായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയെ വേണ്ട എന്ന നിലപാടിൽ ഡികെയും നിൽക്കുമ്പോൾ ധർമ്മസങ്കടത്തിലാണ് ഹൈക്കമാൻഡ്.ഈ സാഹചര്യത്തിലാണ് ഇരുനേതാക്കളെയും നാളെ വീണ്ടും ദില്ലിക്ക് വിളിപ്പിച്ചിരിക്കുന്നത്. ഡികെശിക്കൊപ്പം ആരെല്ലാമാണ് മന്ത്രിമാരായി ചുമതല ഏൽക്കുക എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. ഇക്കാര്യങ്ങളിൽ എല്ലാം നാളെ വൈകിട്ടോടെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനിടയിലാണ് ജൂൺ മൂന്നിന് നിശ്ചയിച്ച സത്യപ്രതിജ്ഞ ചടങ്ങ് ലളിതമാക്കാൻ ഡി കെയോട് ഹൈക്കമാൻഡ് നിർദ്ദേശിച്ചത്
