
പഴകിയ പൊറോട്ട കഴിച്ചു; പത്തനംതിട്ടയിൽ രണ്ടു കുട്ടികൾക്ക് ഷിഗെല്ല ബാധ സംശയം
- ഷിഗെല്ലയാണോ എന്ന് ഉറപ്പിക്കാൻ ഇരുവരുടെയും സാംപിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്.
പത്തനംതിട്ട : ജില്ലയിൽ രണ്ടു കുട്ടികൾ കൂടി ഷിഗെല്ലയ്ക്കു സമാനമായ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ. ഇരുവരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കിടത്തിച്ചികിത്സയിലാണ്. ഷിഗെല്ലയാണോ എന്ന് ഉറപ്പിക്കാൻ ഇരുവരുടെയും സാംപിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആറന്മുള പഞ്ചായത്ത് 18-ാം വാർഡിൽ എഴിക്കാട് ഉന്നതിയിൽ 10 വയസ്സുകാരിക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. എഴിക്കാട് ഉന്നതിയിൽ രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീട്ടിലും സമീപത്തും ശുചീകരണവും ക്ലോറിനേഷനും നടത്തിയിരുന്നു.

കുടുംബാംഗങ്ങൾക്കു രോഗബാധ ലക്ഷണങ്ങളും കണ്ടെത്താനായിരുന്നില്ല. എന്നാൽ മറ്റിടങ്ങളിൽ നിന്നുള്ള, പ്രായപൂർത്തിയാകാത്ത രണ്ടു പേർക്കു ഷിഗെല്ലയ്ക്കു സമാനമായ രോഗലക്ഷണം കണ്ടെത്തുകയായിരുന്നു.ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. പഴകിയ പൊറോട്ട കഴിച്ചതിൽ നിന്നാണു രോഗബാധയുണ്ടായതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ വിപുലമായ പരിശോധന നടത്തും. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ പടരുന്നതിനു പിന്നാലെ ഷിഗെല്ലയും സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രി പി.സി.വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരാൻ തീരുമാനിച്ചു. രോഗാണു കുട്ടികളിലൂടെയാണു വേഗം പടരുന്നത്. കുട്ടികളിൽ അവബോധം സൃഷ്‌ടിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും ആരോഗ്യവകുപ്പ്, തദ്ദേശ വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ 7നു ജില്ലയിലെ സ്കൂളുകളിൽ പകർച്ചവ്യാധി ബോധവൽക്കരണ ദിനം ആചരിക്കും.
