
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റ് രണ്ട് വിദേശ പൗരന്മാർ മരിച്ചു
- ജർമൻ പൗരനായ അലക്സാണ്ടർ മാക്സ് മിലിയൻ തെയ്‌സ് (57), സ്ലോവാക്യൻ പൗരൻ യൂറൈ ഹൊർവാറ്റ് എന്നിവരാണ് മരിച്ചത്.
ബെംഗളൂരു: ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റ് രണ്ട് വിദേശ പൗരന്മാർ മരിച്ചു. ജർമൻ പൗരനായ അലക്സാണ്ടർ മാക്സ് മിലിയൻ തെയ്‌സ് (57), സ്ലോവാക്യൻ പൗരൻ യൂറൈ ഹൊർവാറ്റ് എന്നിവരാണ് മരിച്ചത്. കോൺറാഡ് ഹോട്ടലിലാണ് സംഭവം. അലക്സാണ്ടർ, ലുഫ്താൻസ് എയർലൈൻ കാബിൻ ക്രൂവും യൂറൈ ഐബിഎമ്മിൽ പ്രൊജക്ട് മാനേജരുമാണ്.ഹോട്ടലിന്റെ മൂന്നാം നിലയിലുള്ള സ്വിമ്മിങ് പൂളിലാണ് വെള്ളിയാഴ്ച വൈകിട്ട് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുഎസ് പൗരൻ മാത്യു ഡെസാന്റിസ്, ഇന്ത്യക്കാരനായ പൂൾ അറ്റൻഡന്റ് രാഹുൽ തിവാരി എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്.ഇവരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. അപകടത്തെക്കുറിച്ച് ഹോട്ടൽ മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.അറ്റകുറ്റപ്പണികൾക്കായി സ്വിമ്മിങ് പൂൾ നവംബർ 30 വരെ അടച്ചിടുമെന്ന് ഹോട്ടലിന്റെ വെബ്സൈറ്റിൽ അറിയിച്ചിട്ടുണ്ട്.കോൺറാഡ് ആഡംബര ഹോട്ടലിന് 24 നിലകളാണുള്ളത്
