
ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ
- മത്സ്യത്തൊഴിലാളി മേഖലയിൽ പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കും
തിരുവനന്തപുരം: ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ. ലൈഫ് പദ്ധതിയിൽ നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റിയതായി ബജറ്റിൽ പ്രഖ്യാപിച്ചു. ലൈഫ് മിഷനേക്കാൾ ഉയർന്ന തുക ലഭ്യമാക്കിക്കൊണ്ട് മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി വനിതകൾക്കുള്ള ഷീ സ്കൂട്ടർ വിതരണത്തിൻ്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി തീരദേശത്ത് നടപ്പിലാക്കുന്ന ഏത് വികസന പദ്ധതികളിലും ആ മേഖലയിലുള്ളവർക്ക് പ്രത്യേക തൊഴിൽ സംവരണം ഏർപ്പെടുത്തുമെന്നും സ്ത്രീകളെ സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭവനരഹിതരായ ഒരാൾ പോലും ഉണ്ടാകരുത് എന്നതാണ് സർക്കാരിന്റെ നയം. മത്സ്യത്തൊഴിലാളി മേഖലയിൽ പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കും. ലൈഫ് പദ്ധതിയിൽ നിന്ന് കിട്ടിയ തുകയെക്കാൾ കൂടുതലുണ്ടാകും. അത് എത്രയാണെന്ന് ഇപ്പോൾ പറയുന്നില്ല. അത് സസ്പെൻസ് ആയി കിടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.വിഴിഞ്ഞത്ത് ഉൾപ്പെടെ പ്രദേശിക മൽസ്യ തൊഴിലാളികൾക്ക് ജോലി നൽകണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. തീരദേശ ജനതയുടെ കണ്ണീരൊപ്പാൻ സർക്കാർ എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
