മഴ തോറ്റു… ഫുട്ബോൾ ജയിച്ചു!അർധരാത്രിയിൽ കൊയിലാണ്ടി ടൗൺഹാൾ ആരാധകരുടെ ആരവത്തിൽ ഉണരുന്നു

മഴ തോറ്റു… ഫുട്ബോൾ ജയിച്ചു!അർധരാത്രിയിൽ കൊയിലാണ്ടി ടൗൺഹാൾ ആരാധകരുടെ ആരവത്തിൽ ഉണരുന്നു

  • ശ്രീലാൽ പെരുവട്ടൂർ

കൊയിലാണ്ടി: മഴ പെയ്യട്ടെ… സമയം അർധരാത്രി കടക്കട്ടെ… ഉറക്കം കണ്ണുകളെ മൂടട്ടെ… എന്നാൽ ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് മുന്നിൽ അതൊന്നും തടസ്സമാകുന്നില്ല. കൊയിലാണ്ടി നഗരസഭയും എകെജി സ്പോർട്സ് അക്കാദമിയും ചേർന്ന് ടൗൺഹാളിൽ ഒരുക്കിയ ബിഗ് സ്ക്രീനിലേക്ക് ഓരോ മത്സര രാത്രിയിലും നൂറുകണക്കിന് ഫുട്ബോൾ ആരാധകരാണ് ഒഴുകിയെത്തുന്നത്.

കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ തങ്ങളുടെ പ്രിയ ടീമുകളുടെ ജേഴ്സി അണിഞ്ഞ് മഴയെ പോലും വകവെക്കാതെ ടൗൺഹാളിലേക്ക് എത്തുന്ന കാഴ്ച ഫുട്ബോൾ ആവേശത്തിന്റെ ഉത്സവമായി മാറുകയാണ്. ഓരോ ഗോളും ആർപ്പുവിളികളോടെയും കൈയടികളോടെയും ആഘോഷിക്കുമ്പോൾ ടൗൺഹാൾ പരിസരം ഒരു ചെറിയ ലോകകപ്പ് വേദിയായി മാറുന്നു.

രാത്രി വൈകിയും ബിഗ് സ്ക്രീൻ പ്രദർശനത്തിനായി സേവനമനുഷ്ഠിക്കുന്ന നഗരസഭാ ജീവനക്കാരൻ ജിഷാന്ത് ആർ പറയുന്നത്, “ഉറക്കം നഷ്ടപ്പെടുന്നുണ്ടെന്നത് ശരിയാണ്. പക്ഷേ ആളുകളുടെ ആവേശവും സന്തോഷവും കാണുമ്പോൾ എല്ലാ ക്ഷീണവും മറന്നുപോകും. ആ സന്തോഷത്തിന്റെ ഭാഗമാകാൻ കഴിയുന്നതിൽ അഭിമാനമുണ്ട്,” എന്നാണ്.

ഫുട്ബോൾ എന്ന വികാരം പ്രായഭേദമില്ലാതെ ജനങ്ങളെ ഒരുമിപ്പിക്കുന്നതിന്റെ മനോഹരമായ ചിത്രമാണ് ഓരോ രാത്രിയും കൊയിലാണ്ടി ടൗൺഹാളിൽ വിരിയുന്നത്. മഴയെയും രാത്രിയെയും തോൽപ്പിച്ച് പന്തിനൊപ്പം ഉരുളുന്ന ആവേശമാണ് ഇപ്പോൾ കൊയിലാണ്ടിയുടെ പുതിയ രാത്രി വിശേഷം…. ശ്രീലാൽ പെരുവട്ടൂർ

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )