
മൂടാടിയിൽ സ്കൂൾ ബസ്സിന് ദീർഘദൂര ബസ് ഇടിച്ച് അപകടം ;കുട്ടികളെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി
- മൂടാടി വിമംഗലം യു.പി. സ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. മൂടാടി വിമംഗലം യു.പി. സ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
കൊയിലാണ്ടി: ദേശീയപാതയിൽ മൂടാടിയിൽ സ്കൂൾ ബസ്സിന് ദീർഘദൂര ബസ് കൂട്ടിയിടിച്ച് അപകടം. മൂടാടി വിമംഗലം യു.പി. സ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാവാലം ബസ്സാണ് സ്കൂൾ ബസ്സിൽ ഇടിച്ചത്.സ്കൂൾ ബസ് വിദ്യാർത്ഥികളെ ഇറക്കിയ ശേഷം റോഡരികിൽ നിർത്തിയിരിക്കുമ്പോഴാണ് അപകടമുണ്ടായത്. ദീർഘദൂര ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

അപകടത്തിൽ സ്കൂൾ ബസ് ഡ്രൈവർ പാലക്കുളം സ്വദേശി ബാബുവിന് പരിക്കേറ്റു. കാവാലം ബസ്സിലെ യാത്രക്കാരായ മൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്കൂൾ ബസ് കുട്ടികളെ ഇറക്കിയ ശേഷമാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ ബസ്സിൽ ഉണ്ടായിരുന്നില്ലെന്നത് വലിയൊരു ദുരന്തം ഒഴിവാകാൻ കാരണമായി. സംഭവത്തിൽ സ്കൂൾ അധികൃതരും നാട്ടുകാരും ആശ്വാസത്തിലാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. അപകടത്തിന് ശേഷം നിർത്താതെ പോയ ബസ് കൊല്ലത്ത് വെച്ച് കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ എടുത്തു.
