
രാജ്യം നടുങ്ങിയ പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം
- ഏപ്രിൽ 22 നായിരുന്നു രാജ്യം നടുങ്ങിയ ഭീകരാക്രമണം.
ന്യൂഡൽഹി : ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം. 26 നിരപരാധികളുടെ ജീവൻ നഷ്ടമായി. വിനോദ സഞ്ചാരികൾ മെല്ലെ ഇവിടേക്ക് മടങ്ങിയെത്തുകയാണ്. കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ആക്രമണം നടന്ന ബൈസരൺവാലിയിൽ ഒരുക്കിയിരിക്കുന്നത്. പഹൽഗാമിനൊപ്പം കശ്മീരിൽ സഞ്ചാരികൾ കൂടുതലായി എത്തുന്ന മേഖലകളെല്ലാം ഇന്ന് സുരക്ഷ സേനകളുടെ നിരീക്ഷണത്തിലാണ്. 2025 ഏപ്രിൽ 22 നായിരുന്നു രാജ്യം നടുങ്ങിയ ഭീകരാക്രമണം.

കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും അവധി ആഘോഷിക്കാനെത്തിയവർ, അവർക്കിടയിൽ ഉപജീവനം കണ്ടത്താൻ ശ്രമിക്കുന്ന പ്രദേശവാസികൾ. ഇവർക്കു നേരെയാണ് തോക്കുധാരികളായ ലഷ്കറെ തൊയ്ബ ഭീകരർ പാഞ്ഞടുത്തത്. ബൈസരൺവാലി പുൽമേടുകളിൽ അന്ന് പൊലിഞ്ഞത് 26 നിരപരാധികളുടെ ജീവനായിരുന്നു. ആ രക്തത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ മറുപടി നൽകിയെങ്കിലും താഴ്വരയെ വിട്ട് ആ നടുക്കുന്ന ഓർമ്മ മാഞ്ഞിട്ടില്ല.ആക്രമണത്തെത്തുടർന്ന് പഹൽഗാം പ്രദേശത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിരുന്നു. ശക്തമായ സുരക്ഷാ വിലയിരുത്തലുകൾക്ക് ശേഷം മാസങ്ങൾക്കിപ്പുറമാണ് ഇവ വീണ്ടും തുറന്നത്.
