ശബരിമല മകരവിളക്ക് മഹോത്സവം : സന്നിധാനത്ത് കനത്ത സുരക്ഷാക്രമീകരണങ്ങൾ

ശബരിമല മകരവിളക്ക് മഹോത്സവം : സന്നിധാനത്ത് കനത്ത സുരക്ഷാക്രമീകരണങ്ങൾ

  • മകരവിളക്ക് ദിവസം ശബരിമലയിൽ രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്

പത്തനംതിട്ട:ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഈ ക്രമീകരണങ്ങളും മാർഗനിർദേശങ്ങളും ഭക്തർ കൃത്യമായി പാലിക്കണമെന്നും സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ എസ്. സുജിത്ത് ദാസ് അറിയിച്ചു. മകരവിളക്ക് ദിവസം ശബരിമലയിൽ രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. നിലവിൽ 11 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 34 സി.ഐമാരും 1489 സിവിൽ പോലീസ് ഓഫീസർമാരും ഉൾപ്പെടെ 1534 സേനാംഗങ്ങൾ സന്നിധാനത്ത് സേവനം ചെയ്യുന്നുണ്ട്. അധികമായുള്ള അഞ്ഞൂറോളം ഉദ്യോഗസ്ഥർ ഇന്ന് (ജനുവരി 13) എത്തിച്ചേരും. സുഗമമായ മകരജ്യോതി ദർശനത്തിനും തിരിച്ച് സുരക്ഷിതമായി മലയിറങ്ങുന്നതിനും പോലീസ് ഏർപ്പെടുത്തിയ മാർഗനിർദേശങ്ങൾ പാലിക്കാൻ ഭക്തർ ശ്രദ്ധിക്കണമെന്ന് സ്പെഷ്യൽ ഓഫീസർ പറഞ്ഞു.

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മകരവിളക്ക് ദിവസം വെർച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കുമായി സന്നിധാനത്തേക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. രാവിലെ 10 മുതൽ നിലയ്ക്കലിൽ നിന്നും പമ്പയിലേക്കും രാവിലെ 11 മുതൽ പമ്പയിൽ നിന്നും സന്നിധാനത്തേയ്ക്കും ഭക്തരെ കടത്തിവിടില്ല. തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിൽ എത്തിച്ചേരും. കർശ്ശന സുരക്ഷയാണ് തിരുവാഭരണ ഘോഷയാത്രയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )